മെല്‍ബണ്‍: വാണിജ്യ വിമാനങ്ങളുടെ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ പറക്കലിനുള്ള ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കി എയര്‍ബസിന്റെ എ350-1000 യു എല്‍ ആര്‍ (അള്‍ട്രാ ലോങ് റേഞ്ച്) വിമാനം. ഓസ്ട്രേലിയയിലെ മെല്‍ബണില്‍നിന്ന് ഫ്രാന്‍സിലെ ടുലൂസിലേക്ക് 24 മണിക്കൂര്‍ 24 മിനിറ്റ് നിര്‍ത്താതെ പറന്നാണ് വിമാനം ചരിത്രനേട്ടം കൈവരിച്ചത്. 12,503 നോട്ടിക്കല്‍ മൈല്‍ (23,155 കിലോമീറ്റര്‍) ദൂരമാണ് വിമാനം പിന്നിട്ടത്.
എയര്‍ബസ് തന്നെ നടത്തിയ പരീക്ഷണപ്പറക്കല്‍ ജൂലൈ 27ന് പ്രാദേശിക സമയം വൈകിട്ട് 5.27ന് മെല്‍ബണില്‍നിന്ന് പുറപ്പെട്ടു. ജൂലൈ 28ന് രാവിലെ 9.51ന് ഫ്രാന്‍സിലെ ടുലൂസില്‍ ഇറങ്ങി. അന്താരാഷ്ട്ര വ്യോമയാന ഫെഡറേഷനും ഫ്‌ളൈറ്റ് നിരീക്ഷണ പ്ലാറ്റ്ഫോമായ ഫ്‌ളൈറ്റ്റഡാര്‍24ഉം പറക്കലിന്റെ വിവരങ്ങള്‍ സ്വതന്ത്രമായി പരിശോധിച്ച് സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചു.
മൂന്ന് ഭൂഖണ്ഡങ്ങള്‍, രണ്ട് സമുദ്രങ്ങള്‍; കണ്ടത് രണ്ട് സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും
ഖത്താസ് എയര്‍വേയ്സിനായി 'പ്രോജക്ട് സണ്‍റൈസ്' പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന എ350-1000 യു എല്‍ ആറിന്റെ പരീക്ഷണപ്പറക്കലിന്റെ ഭാഗമായാണ് റെക്കോഡ് നേട്ടം. വിമാനം ഭാവിയില്‍ സര്‍വീസ് നടത്താനുദ്ദേശിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വാണിജ്യ റൂട്ടുകളുടെ സാഹചര്യം അനുകരിക്കുന്നതിനായി പുറപ്പെടുന്നതിനുള്ള പുഷ്ബാക്ക് മുതല്‍ ലാന്‍ഡിങ്ങിനുശേഷം പാര്‍ക്കിങ് സ്ഥാനത്തെത്തുന്നതുവരെ 23 മണിക്കൂര്‍ നീളുന്ന പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം.
മെല്‍ബണില്‍നിന്ന് പുറപ്പെട്ട വിമാനം സിഡ്‌നിക്ക് മുകളിലൂടെ വടക്കുകിഴക്ക് ദിശയില്‍ പസഫിക് സമുദ്രം കടന്ന് ലോസ് ആഞ്ചലസിലേക്കു നീങ്ങി. ഇതിനിടെ അന്താരാഷ്ട്ര തിയ്യതി രേഖയും മറികടന്നു. തുടര്‍ന്ന് വടക്കേ അമേരിക്കയും അറ്റ്‌ലാന്റിക് സമുദ്രവും കടന്ന് ബ്രിട്ടനിലേക്കു തിരിഞ്ഞു. ലണ്ടനു മുകളിലൂടെ പറന്നശേഷമാണ് ടുലൂസിലെത്തിയത്.
മൂന്ന് ഭൂഖണ്ഡങ്ങളും രണ്ട് സമുദ്രങ്ങളും പിന്നിട്ട യാത്രയ്ക്കിടെ വിമാനത്തിലെ ജീവനക്കാര്‍ക്ക് രണ്ട് സൂര്യാസ്തമയങ്ങളും രണ്ട് സൂര്യോദയങ്ങളും അനുഭവിക്കാനായി.
ആകെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എയര്‍ബസിന്റെ മൂന്ന് പരീക്ഷണ പൈലറ്റുമാര്‍, ഖത്താസ് എയര്‍വേയ്സിലെ രണ്ട് പൈലറ്റുമാര്‍, എയര്‍ബസിന്റെ അഞ്ച് ഫ്‌ളൈറ്റ് ടെസ്റ്റ് എന്‍ജിനീയര്‍മാര്‍, രണ്ട് ഡിസൈന്‍ എന്‍ജിനീയര്‍മാര്‍, അന്താരാഷ്ട്ര വ്യോമയാന ഫെഡറേഷന്റെ ഒരു പ്രതിനിധി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
റെക്കോഡ് നേട്ടത്തില്‍ എയര്‍ബസ് കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് വിഭാഗം സി ഇ ഒ ലാര്‍സ് വാഗ്‌നര്‍ സന്തോഷം പ്രകടിപ്പിച്ചു. എയര്‍ബസിന്റെ അടിസ്ഥാന സ്വഭാവത്തിന്റെ ഭാഗമായ നൂതന ചിന്താഗതിയുടെയും സാങ്കേതിക മികവിന്റെയും തെളിവാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.
'ഖത്താസ് മുന്നോട്ടുവെച്ച വെല്ലുവിളി ഏറ്റെടുത്ത്, എ350-1000 വിമാനത്തിന്റെ പറക്കല്‍ദൂരം കാര്യക്ഷമമായും സാമ്പത്തികമായി പ്രായോഗികമായും വര്‍ധിപ്പിക്കാന്‍ ഞങ്ങളുടെ ടീമുകള്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വാണിജ്യ വിമാനയാത്രകള്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. 12,503 നോട്ടിക്കല്‍ മൈല്‍ നിര്‍ത്താതെ പറന്നതിലൂടെ വിമാനത്തിന്റെ ശേഷി പൂര്‍ണമായി തെളിയിക്കാനായി. ലോക റെക്കോഡ് ആ നേട്ടത്തിന് മാറ്റുകൂട്ടി' അദ്ദേഹം വ്യക്തമാക്കി.
പദ്ധതി യാഥാര്‍ഥ്യമാക്കിയ എയര്‍ബസിലെ മുഴുവന്‍ ടീമുകളെയും അദ്ദേഹം അഭിനന്ദിച്ചു. ഖത്താസ് എയര്‍വേയ്സിന്റെ സഹകരണത്തിനും റോള്‍സ് റോയ്സിന്റെ പിന്തുണയ്ക്കും മറ്റ് പങ്കാളികള്‍ക്കും നന്ദി അറിയിച്ച വാഗ്‌നര്‍, ദീര്‍ഘദൂര വിമാനയാത്രാ രംഗത്ത് എ350 പുതിയ മാനദണ്ഡം സൃഷ്ടിച്ചതായും പറഞ്ഞു.
ഖത്താസ് എയര്‍വേയ്സിന്റെ വാണിജ്യ സര്‍വീസിലേക്ക് എ350-1000 യു എല്‍ ആര്‍ എത്തുന്നതിന് മുന്നോടിയായാണ് പരീക്ഷണപ്പറക്കലിലെ റെക്കോഡ് നേട്ടം. 'പ്രോജക്ട് സണ്‍റൈസ്' പദ്ധതിയുടെ ഭാഗമായി 12 എ350-1000 യു എല്‍ ആര്‍ വിമാനങ്ങള്‍ക്കാണ് ഖത്താസ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ആദ്യ വിമാനം 2027 ഏപ്രിലില്‍ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ വര്‍ഷം അവസാനത്തോടെ സിഡ്‌നിലണ്ടന്‍ റൂട്ടില്‍ വിമാനം സര്‍വീസ് ആരംഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സാധാരണ എ350-1000 വിഭാഗത്തില്‍പ്പെട്ട 12 വിമാനങ്ങള്‍ക്കും ഖത്താസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
എ350-1000 യു എല്‍ ആര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് സിഡ്‌നിയില്‍നിന്ന് ലണ്ടനിലേക്കും ന്യൂയോര്‍ക്കിലേക്കും നിര്‍ത്താതെ സര്‍വീസ് നടത്താനാണ് ഖത്താസ് ലക്ഷ്യമിടുന്നത്. ഈ യാത്രകള്‍ക്ക് 22 മണിക്കൂര്‍ വരെ വേണ്ടിവരാം. ഏകദേശം 10,000 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് പിന്നിടേണ്ടിവരിക.
വിമാനത്തിന്റെ ഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അധിക റിയര്‍ സെന്റര്‍ ടാങ്ക് (ആര്‍ സി ടി) ആണ് കൂടുതല്‍ ഇന്ധനം വഹിക്കാനും പറക്കല്‍ദൂരം വര്‍ധിപ്പിക്കാനും സഹായിക്കുന്നത്. ഇതിലൂടെ സാധാരണ എ350-1000നെ അപേക്ഷിച്ച് ഏകദേശം 1,000 നോട്ടിക്കല്‍ മൈല്‍ അധിക ദൂരം പറക്കാന്‍ കഴിയും.
എയര്‍ബസിന്റെ എ350 വിമാനകുടുംബത്തിലെ നാലാമത്തെ യാത്രാവിമാന വകഭേദമാണ് എ350-1000 യു എല്‍ ആര്‍. എ350-900, എ350-900 യു എല്‍ ആര്‍, എ350-1000 എന്നിവയാണ് മറ്റ് പതിപ്പുകള്‍.
കുറഞ്ഞ ഇന്ധന ഉപഭോഗം, കാര്‍ബണ്‍ പുറന്തള്ളലിലെ കുറവ്, യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം എന്നിവയാണ് എ350 ശ്രേണിയുടെ പ്രധാന സവിശേഷതകള്‍. ദീര്‍ഘദൂര വിമാനയാത്രാ രംഗത്ത് ഈ വിമാനങ്ങള്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
എ350 കുടുംബത്തിലേക്ക് ചരക്കുനീക്കത്തിനായുള്ള എ350എഫ് വിമാനവും ഉടന്‍ എത്തും. സെപ്റ്റംബര്‍ 29ന് ആദ്യ പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കിയ ഈ വിമാനം ഒമ്പത് മാസം നീളുന്ന പരീക്ഷണപ്പറക്കല്‍ പരിപാടിക്ക് തുടക്കമിട്ടിട്ടുണ്ട്.
2026 ഒക്ടോബര്‍ അവസാനത്തോടെ 70 ഉപഭോക്താക്കളില്‍നിന്നായി എ350 വിമാനകുടുംബത്തിന് ആകെ 1,628 ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. ലോകമെമ്പാടുമുള്ള 42 വിമാനക്കമ്പനികള്‍ 740-ലധികം എ350 വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ദീര്‍ഘദൂര റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്.
