ശ്രീനഗര്‍: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ഓടെയാണ് സംഭവം. 46-ാം സി.ആർ.പി.എഫ് ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തതെന്ന് സി.ആർ.പി.എഫ് വക്താവ് വ്യക്തമാക്കി. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കുൽഗാം ജില്ലയിലെ ഗവൺമെന്റ് ഡിഗ്രി കോളജിൽ നടന്ന 'വേഷോ ഉത്സവ്' പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സമയത്താണ് ഈ ആക്രമണം നടന്നത് എന്നത് പ്രദേശത്തെ സുരക്ഷാ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
ദേശീയപാതയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെ സ്ഥാപിച്ചിരുന്ന സുരക്ഷാ പരിശോധനാ കേന്ദ്രത്തിൽ (നാക്ക) ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ബൈക്കിലെത്തിയ ഭീകരർ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിന് ശേഷം പ്രതികൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ സിആർപിഎഫ് ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാൾ സ്വദേശിയായ കോൺസ്റ്റബിൾ സന്തോഷ് ചന്ദ്രു, അസം സ്വദേശിയായ കോൺസ്റ്റബിൾ രാകേഷ് ദാസ്, മധ്യപ്രദേശ് സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ സോംവീർ സിങ് എന്നിവരായി തിരിച്ചറിഞ്ഞിട്ടുണ്ട്. വയറിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷ് ചന്ദ്രുവിനെ വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ 92 ബേസ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. കാലിന് പരിക്കേറ്റ രാകേഷ് ദാസിനെയും കൈക്ക് പരിക്കേറ്റ സോംവീർ സിങ്ങിനെയും അനന്ത്നാഗ് ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അക്രമത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേന തമ്പടിക്കുകയും പ്രദേശം പൂർണമായി വളഞ്ഞ് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഭീകരരെ പിടികൂടുന്നതിനായി മൾട്ടി-ഏജൻസി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ബജാജ് അവഞ്ചർ മോട്ടോർ സൈക്കിൾ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ കുൽഗാമിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ വെടിയേറ്റ് മരിച്ചതിന് ശേഷം പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രധാന ഭീകരാക്രമണമാണിത്.
കുൽഗാമിൽ സിആർപിഎഫ് പോസ്റ്റിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്, വ്യാപക തെരച്ചില്‍
