ജിഎൻഎയുമായി കരാർ തന്നെയില്ല, പിന്നെങ്ങനെ പിന്മാറും?; മറുപടിയുമായി മുഖ്യമന്ത്രി

ജിഎൻഎയുമായി കരാർ തന്നെയില്ല, പിന്നെങ്ങനെ പിന്മാറും?; മറുപടിയുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: വൈദ്യുതി വാങ്ങാന്‍ ജിഎന്‍എയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വൈദ്യുതി വാങ്ങാന്‍ ഹിമാചല്‍ പ്രദേശ്, ജിഎന്‍എ എന്നിങ്ങനെ രണ്ട് നിര്‍ദേശങ്ങളാണ് തന്റെ മുന്നില്‍ വന്നത്. ഏതാണ് മികച്ച ഓപ്ഷന്‍ എന്ന് തെരഞ്ഞെടുക്കാനായിരുന്നു ശുപാര്‍ശ. ജിഎന്‍എയാണ് മികച്ച ഓപ്ഷനെങ്കിലും അവരുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വൈദ്യുതി മന്ത്രി പറഞ്ഞത് നൂറു ശതമാനം ശരിയാണ്. മന്ത്രിയാണ് തനിക്ക് ഫയല്‍ അയച്ചത്. ജിഎന്‍എയിലേക്ക് മാറിയത് അറിഞ്ഞില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നാണ് വാര്‍ത്തകള്‍ വന്നത്. അതിന് ആരുമായും കരാറില്‍ ഏര്‍പ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിമാചല്‍ കരാറില്‍ നിന്നും പിന്മാറിയെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞത്. കരാര്‍ തന്നെയില്ല, പിന്നെങ്ങനെ പിന്മാറും?. ആരാണ് അദ്ദേഹത്തിന് ഉപദേശം കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൂടെ എം വി ഗോവിന്ദനും കൂടിയിട്ടുണ്ട്. ഇതെന്താണെന്ന് പോലും ഗോവിന്ദന് മനസ്സിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

പവർകട്ട് ഞങ്ങൾ‌ ഉണ്ടാക്കിയതാണോ? കഴിഞ്ഞ സർക്കാരിന്റെ ഇലക്ട്രിസിറ്റി പോളിസിയിലെ പാളിച്ചയാണ് പവർകട്ടിന് കാരണം. കഴിഞ്ഞ 10 വര്‍ഷമായി വൈദ്യുതിയില്‍ ഹ്രസ്വകാല പര്‍ച്ചേസാണ് നടത്തിയത്. പ്രശ്‌നപരിഹാരത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയില്ല. അത് ഗുരുതരമായ കുറ്റകൃത്യമാണ്. ദീര്‍ഘൃഷ്ടിയില്ലാതെയുള്ള മുന്‍സര്‍ക്കാരിന്റെ വൈദ്യുത നയമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ ആസൂത്രണം ഇല്ലായ്മയാണ് ഇലക്ട്രിസിറ്റി ക്രൈസിസിന് കാരണമായത്. 

ഇപ്പോള്‍ വൈദ്യുതി ആവശ്യമില്ലെങ്കിലും പിന്നീട് ആവശ്യം വരുമെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. പ്രോ ലോങ്ഡ് പവര്‍കട്ട് ഉണ്ടാകുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇതു കണ്ടപ്പോള്‍ ആശങ്കയുണ്ടായി എന്നത് സത്യമാണ്. പവര്‍കട്ട് ഉണ്ടായാല്‍ പിന്നെ മുഖ്യമന്ത്രിയെയാണല്ലോ കുറ്റപ്പെടുത്തുക. അതിനു പിന്നാലെയാണ് വൈദ്യുതി വാങ്ങലിനെക്കുറിച്ച് കൂടിയാലോചനകള്‍ നടത്തിയത്. റേറ്റ് കുറവ് എവിടെ നിന്നാണോ ലഭിക്കുന്നത്, അവടെ നിന്നാകും വൈദ്യുതി വാങ്ങുക. 5 രൂപ 18 പൈസയ്ക്ക് സിന്നാറില്‍ നിന്നും വൈദ്യുതി വാങ്ങും. എവിടെ നിന്നാണോ ഒരു രൂപയെങ്കിലും കുറവില്‍ വൈദ്യുതി ലഭിക്കുക, അവിടെ നിന്നേ വൈദ്യുതി വാങ്ങൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി വാങ്ങേണ്ടി വരും. അതാണ് വൈദ്യുതി മന്ത്രി പറഞ്ഞത്. ഇപ്പോ പ്രശ്‌നമുണ്ടാകും, ഇപ്പോ തന്നെ വാങ്ങണം, ഇതിന്റെ അടിയില്‍ ഒപ്പു വെച്ചേക്ക് എന്നു പറഞ്ഞ് ഫയല്‍ അയച്ചാല്‍ ഒപ്പു വെക്കാന്‍ ഇരിക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്‍ടിപിസി ചെയര്‍മാനുമായി ഡല്‍ഹിയില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. ജനുവരിയില്‍ ലഭിക്കുമെന്ന് കരുതിയിരുന്ന സിന്നാറിലെ വൈദ്യുതി മാര്‍ച്ചിലേ ലഭിക്കൂ. അവരില്‍ നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നത്. 340 ല്‍ നിന്ന് 640 ഉം, പിന്നെ ആയിരവും ആയി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍ടിപിസിയുടെ കാര്യത്തിലൊക്കെ കഴിഞ്ഞ സര്‍ക്കാര്‍ എത്രകാലമാണ് തീരുമാനമെടുക്കാതെ വൈകിപ്പിച്ചത്. ഹൃസ്വകാല പര്‍ച്ചേസ് ഹരമാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. വൈദ്യുതി പ്രതിസന്ധിക്കുള്ള ശാശ്വതമായ പരിഹാരം, ദീര്‍ഘകാല കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും. ഭാവിയിലേക്ക് അഞ്ചുവര്‍ഷം കഴിഞ്ഞാലുണ്ടാകുന്ന കാര്യത്തിലേക്കുള്ള, ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കും. അതില്‍ ഒരു ടെന്‍ഷനും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ല: പിണറായി വിജയൻ 

സംസ്ഥാനത്ത് പവർക്കട്ടിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തി കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട് നടത്തിയ നീക്കങ്ങൾ ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷം ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. സ്വന്തം മേശപ്പുറത്തിരിക്കുന്ന ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ഭീരുത്വമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

'അതേപ്പറ്റി ഒരു കമന്റുമില്ല, യുഡിഎഫ് യോഗം ചേരുമ്പോള്‍ അറിയിക്കും'; അടൂര്‍ പ്രകാശിന് മുഖ്യമന്ത്രിയുടെ മറുപടി 

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വിഡി സതീശന്‍. അതേപ്പറ്റി ഒരു കമന്റുമില്ല. യുഡിഎഫ് യോഗം ചേരുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും. ഡേറ്റ് അറിയിക്കുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് യോഗം ചേരാത്തതിനെക്കുറിച്ച് ചെയര്‍മാനോട് ചോദിക്കണമെന്ന് അടൂര്‍ പ്രകാശ് ഇന്നലെ പറഞ്ഞിരുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ തെളിവാണല്ലോ വന്നുകൊണ്ടിരിക്കുന്നതെന്നും അടൂര്‍ പ്രകാശ് പരിഹസിച്ചിരുന്നു.

എക്‌സൈസിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാറുകളുടെ ക്ലാസിഫിക്കേഷനെ പിന്തുണച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തല്‍ക്കാലത്തേക്ക് അങ്ങനെ ചെയ്തില്ലെങ്കില്‍ കുറേ ബാറുകള്‍ പൂട്ടിപ്പോയേനെയെന്ന് വിഡി സതീശന്‍ പറഞ്ഞു. അത് എക്‌സൈസ് വകുപ്പാണ് ചെയ്യുന്നത്. മുഖ്യമന്ത്രി അറിയേണ്ടതില്ല. കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കാത്തതിനെ തുടര്‍ന്ന് പെന്‍ഡിങ്ങായി. ഇതേത്തുടര്‍ന്ന് നേരത്തെയുള്ള മാനദണ്ഡം അനുസരിച്ച് ബാറുകള്‍ പൂട്ടിപ്പോകാതിരിക്കാനുള്ള നിലപാട് സ്വീകരിച്ചെന്നേയുള്ളൂ.

പുതിയ മദ്യനയം വരുമ്പോള്‍ ഇതേക്കുറിച്ചെല്ലാം വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തീരുമാനം ഉടന്‍ വരും. അതു വരുമ്പോള്‍ അറിയിക്കാം. മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്തമില്ല, പാര്‍ട്ടിയില്‍ ഐക്യമില്ല എന്നൊന്നും അടൂര്‍ പ്രകാശ് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസിലെ എല്ലാ പ്രധാന നേതാക്കളും മന്ത്രിസഭയിലുണ്ട്. ഞങ്ങൾ കൂട്ടായാണ് തീരുമാനങ്ങളെടുത്തത്. സംഘടനാപരമായ കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റിനോടാണ് ചോദിക്കേണ്ടത്. ആസൂത്രണ ബോര്‍ഡില്‍ വിദഗ്ധരായ വനിതകളെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് മന്ത്രി ബിന്ദുകൃഷ്ണ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി.