തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ, ടാക്സി നിരക്കുകള്‍ കൂടും. അടുത്തവര്‍ഷം ജനുവരി ഒന്നുമുതലാകും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച നടത്താനിരുന്ന 24 മണിക്കൂര്‍ ഓട്ടോ, ടാക്സി പണിമുടക്ക് പിന്‍വലിച്ചു.
ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്നും 50 ആയും ടാക്‌സിയുടെത് 250 രൂപയില്‍ നിന്നും 300 രൂപയായും ഉയര്‍ത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം. നിരക്ക് വര്‍ധന പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിക്കും. കമ്മിഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ജനുവരി ഒന്ന് മുതല്‍ എത്ര രൂപയാണ് നിരക്ക് വര്‍ധിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
നിരക്ക് വര്‍ധനയ്ക്ക് പുറമെ തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവെച്ച മറ്റ് ചില ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. ഓട്ടോറിക്ഷാ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഇ.എസ്.ഐ അനുവദിക്കുക, മഞ്ഞ ബോര്‍ഡ് വെക്കാതെ ഓടുന്ന ടൂ വീലര്‍ ടാക്സികളെ നിയന്ത്രിക്കുക, ഹോട്ടലുകളിലും മറ്റും ഡ്രൈവര്‍മാര്‍ക്ക് വിശ്രമമുറി ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
സംസ്ഥാനത്ത് 2022 ഏപ്രില്‍ 26-നാണ് അവസാനമായി ഓട്ടോ ടാക്സി നിരക്കുകള്‍ പരിഷ്കരിച്ചത്. ഇത് വീണ്ടും വര്‍ധിപ്പിക്കണമെന്ന യൂണിയനുകളുടെ ആവശ്യം അനുഭാവപൂര്‍വമാണ് സര്‍ക്കാര്‍ കാണുന്നത്. പുതിയ കമ്മിഷന്‍ വരുമ്പോള്‍ ട്രേഡ് യൂണിയനുകള്‍ക്ക് അവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്താനാകും. ഇതിന് ശേഷമാകും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കുന്ന വിഷയത്തിലും അനുകൂല നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി നഷ്ടപ്പെട്ട ഓട്ടോ ടാക്സി സ്റ്റാന്‍ഡുകള്‍ പുനഃസ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപടിയെടുക്കും. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ലെന്ന പ്രശ്നം കോഴിക്കോട് പരിഹരിച്ച മാതൃകയില്‍ മറ്റ് സ്ഥലങ്ങളിലും നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്. ദീര്‍ഘദൂര യാത്ര പോകുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകളില്‍ വിശ്രമ സൗകര്യം ഒരുക്കുന്നതിനായി ടൂറിസം വകുപ്പുമായും ഹോട്ടല്‍ ഉടമകളുമായും സംസാരിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ പണമടച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തും.
ഇരുചക്ര വാഹനങ്ങള്‍ ടാക്സിയായി സര്‍വീസ് നടത്തുമ്പോള്‍ മഞ്ഞ ബോര്‍ഡ് നിര്‍ബന്ധമാണ്. സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വെള്ള ബോര്‍ഡുള്ള ഇരുചക്ര വാഹനങ്ങള്‍ ടാക്സിയായി ഓടിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരുമായി സഹകരിച്ച് തികച്ചും സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായ എല്ലാ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിന്‍റെയും സര്‍ക്കാരിന്‍റെയും പേരില്‍ മന്ത്രി നന്ദി അറിയിച്ചു.
ഓട്ടോ- ടാക്‌സി നിരക്ക് കൂടും, നിരക്ക് പഠിക്കാന്‍ കമ്മീഷന്‍; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍
