വാഷിംഗ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മിസിസിപ്പിയില്‍ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സ്‌കോട്ട് കൊളോം. നിലവിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ സിന്‍ഡി ഹൈഡ്- സ്മിത്തിനെ പരാജയപ്പെടുത്തിയാണ് പ്രാദേശിക പ്രോസിക്യൂട്ടറായ കൊളോം യു എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
1982നുശേഷം മിസിസിപ്പിയില്‍നിന്ന് യു എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഡെമോക്രാറ്റാണ് കൊളോം. പുനര്‍നിര്‍മാണ കാലഘട്ടത്തിന് ശേഷം സംസ്ഥാനത്തുനിന്ന് സെനറ്റിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരന്‍ എന്ന ചരിത്രനേട്ടവും അദ്ദേഹത്തിന് സ്വന്തമായി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുമുള്ള വോട്ടര്‍മാരുടെ അതൃപ്തി പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ അനുകൂല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുവെന്നതിന്റെ സൂചനയായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. ഇത്തവണത്തെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഏഴ് സെനറ്റ് സീറ്റുകള്‍ കൂടി ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തതോടെ സെനറ്റില്‍ ഭൂരിപക്ഷം ഉറപ്പിച്ചു. ജനപ്രതിനിധിസഭയുടെ നിയന്ത്രണവും പാര്‍ട്ടി തിരിച്ചുപിടിച്ചു.
99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ കൊളോമിന് 49.2 ശതമാനം വോട്ടും ഹൈഡ്- സ്മിത്തിന് 48.7 ശതമാനം വോട്ടുമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയിലേറെ പിന്നിട്ട ശേഷമാണ് ബുധനാഴ്ച വൈകിട്ടോടെ കൊളോമിന്റെ വിജയം പ്രഖ്യാപിച്ചത്.
പതിറ്റാണ്ടുകളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണ് മിസിസിപ്പി. 1980കള്‍ക്കുശേഷം നടന്ന എല്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളാണ് വിജയിച്ചിട്ടുള്ളത്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് ഇവിടെ 23 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. മുന്‍ ഗവര്‍ണര്‍ ഹേലി ബാര്‍ബര്‍, മുന്‍ സെനറ്റ് ഭൂരിപക്ഷ നേതാവ് ട്രെന്റ് ലോട്ട് തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കന്‍ നേതാക്കളുടെ തട്ടകം കൂടിയാണ് മിസിസിപ്പി.
വ്യക്തിപരമായ രാഷ്ട്രീയ പോരാട്ടത്തിന്റെ പശ്ചാത്തലവും തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. 2023ല്‍ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ കൊളോമിനെ ഫെഡറല്‍ ജഡ്ജിയായി നിയമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹൈഡ്- സ്മിത്ത് അദ്ദേഹത്തിന്റെ നാമനിര്‍ദേശം തടഞ്ഞിരുന്നു. ആജീവനാന്ത നിയമനമായിരുന്നു ഈ പദവി. സെനറ്റിലേക്ക് മത്സരിക്കുന്നതിനായി ഫെഡറല്‍ ജുഡീഷ്യറിയിലെ അവസരം ഉപേക്ഷിക്കേണ്ടിവന്നിരുന്നെങ്കില്‍ താന്‍ അതിന് തയ്യാറാകുമായിരുന്നില്ലെന്ന് കൊളോം പിന്നീട് വ്യക്തമാക്കിയിരുന്നു.
അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശതമാനം കറുത്തവര്‍ഗക്കാരായ വോട്ടര്‍മാരുള്ള സംസ്ഥാനമാണ് മിസിസിപ്പി. ന്യൂനപക്ഷ വോട്ടര്‍മാര്‍ക്ക് നിയമപരമായി ലഭിച്ചിരുന്ന സംരക്ഷണങ്ങള്‍ പരിമിതപ്പെടുത്തിയ സുപ്രിം കോടതി വിധികളോടുള്ള അതൃപ്തി കൊളോമിന് അനുകൂലമാകുമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടിയുടെ പ്രധാന സെനറ്റ് പ്രചാരണ ഫണ്ട് തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് സംസ്ഥാനത്ത് പ്രചാരണത്തിനായി പണം ചെലവഴിക്കാന്‍ തുടങ്ങിയത്.
എസ് എസ് ആര്‍ എസ് നടത്തിയ 'ദി വോട്ടര്‍ പോള്‍' സര്‍വേ പ്രകാരം മിസിസിപ്പിയിലെ ആകെ വോട്ടര്‍മാരില്‍ മൂന്നിലൊന്നില്‍ താഴെ മാത്രമായിരുന്നു കറുത്തവര്‍ഗക്കാരുടെ പങ്ക്. ഇവരില്‍ 97 ശതമാനം കൊളോമിനെയും രണ്ടു ശതമാനം ഹൈഡ്-സ്മിത്തിനെയും പിന്തുണച്ചു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് ട്രംപിനെക്കാള്‍ 65 ശതമാനം പോയിന്റിന്റെ പിന്തുണ കറുത്തവര്‍ഗക്കാരില്‍നിന്ന് ലഭിച്ചിരുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് ഇത്തവണ കൂടുതല്‍ പിന്തുണ ലഭിച്ചതായും സര്‍വേ വ്യക്തമാക്കുന്നു.
വെള്ളക്കാരായ വോട്ടര്‍മാരുടെ പിന്തുണയിലും മാറ്റമുണ്ടായി. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇവര്‍ 65 ശതമാനം പോയിന്റിന്റെ ഭൂരിപക്ഷത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇത്തവണ ഹൈഡ്-സ്മിത്തിന് ലഭിച്ച പിന്തുണയുടെ ഭൂരിപക്ഷം 44 ശതമാനം പോയിന്റായി കുറഞ്ഞുവെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള വോട്ടര്‍മാരുടെ ആശങ്കകളും വിലക്കയറ്റത്തോടുള്ള അതൃപ്തിയും കൊളോം ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിലെ പ്രധാന വിഷയങ്ങളായിരുന്നു. ഇറച്ചിയുടെ വില ഉയരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഫെബ്രുവരിയിലെ ഒരു അഭിമുഖത്തില്‍ ഹൈഡ്-സ്മിത്ത് നല്‍കിയ മറുപടി കൊളോമിന്റെ പ്രചാരണസംഘം വ്യാപകമായി ഉപയോഗിച്ചു.
'തെരഞ്ഞെടുക്കാന്‍ നിരവധി പ്രോട്ടീനുകള്‍ നിങ്ങള്‍ക്കുണ്ട്' എന്നായിരുന്നു ഇറച്ചിവില വര്‍ധനയെക്കുറിച്ചുള്ള ചോദ്യത്തിന് ഹൈഡ്-സ്മിത്തിന്റെ മറുപടി. ഇതിനെ പരിഹസിച്ച് കൊളോമിന്റെ പ്രചാരണസംഘം പുറത്തിറക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'മറ്റൊരു പ്രോട്ടീന്‍ തെരഞ്ഞെടുക്കൂ... അതിനുപകരം മറ്റൊരു സെനറ്ററെ തെരഞ്ഞെടുക്കാനാണ് എനിക്ക് താത്പര്യം' എന്നായിരുന്നു വീഡിയോയിലെ പരിഹാസം.
ഹൈഡ്-സ്മിത്തിന്റെ ഈ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് മിസിസിപ്പി സ്റ്റേറ്റ് സര്‍വകലാശാലയിലെ രാഷ്ട്രീയ ആശയവിനിമയ ഗവേഷകനായ ഗില്‍ കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടു. പ്രതികരിക്കാന്‍ ഇതിലും മോശമായൊരു മാര്‍ഗം ഉണ്ടാകുമായിരുന്നില്ലെന്നും കൊളോമിന് രാഷ്ട്രീയമായി ലഭിച്ച ഏറ്റവും വലിയ ആയുധമായിരുന്നു ആ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സംസ്ഥാന സെനറ്ററും സംസ്ഥാന കൃഷി കമ്മീഷണറുമായ ഹൈഡ്- സ്മിത്ത് 2018ലാണ് യു എസ് സെനറ്റിലേക്ക് നിയമിതയായത്. അതേ വര്‍ഷംതന്നെ കാലാവധി പൂര്‍ത്തിയാകാത്ത സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് ശേഷിക്കുന്ന രണ്ടുവര്‍ഷത്തേക്ക് അംഗമായി. 2020ല്‍ പൂര്‍ണ കാലാവധിയിലേക്കും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും വിജയിയെ പ്രഖ്യാപിക്കാത്ത രണ്ട് സെനറ്റ് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മിസിസിപ്പി. അലാസ്‌കയിലെ സെനറ്റ് മണ്ഡലത്തിലും ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അവിടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മേരി പെല്‍റ്റോളയാണ് നിലവിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡാന്‍ എസ് സള്ളിവനെക്കാള്‍ മുന്നിലുള്ളത്.
