വാഷിംഗ്ണ്‍: ഇറാനുമായുള്ള യുദ്ധം അമേരിക്ക ആരംഭിച്ചതല്ലെന്നും 1979 മുതല്‍ ഇറാന്‍ അമേരിക്കയ്‌ക്കെതിരെ യുദ്ധം നടത്തിവരികയാണെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പശ്ചിമേഷ്യയിലെ സൈനിക നടപടിക്കെതിരെ രാജ്യത്തിനകത്ത് വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് ഇറാന്‍ യുദ്ധം കാരണമായെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സൈനിക നടപടിയെ ന്യായീകരിച്ച് ട്രംപ് രംഗത്തെത്തിയത്.
വെര്‍ജീനിയയിലെ ആര്‍ലിംഗ്ടണ്‍ ദേശീയ സെമിത്തേരിയില്‍ വെറ്ററന്‍സ് ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
'ഇറാനുമായി യുദ്ധം ആരംഭിച്ചത് അമേരിക്കയല്ല. 1979 മുതല്‍ ഇറാന്‍ അമേരിക്കയ്‌ക്കെതിരെ യുദ്ധം നടത്തുകയാണ്. ഈ വിഷയം വളരെ മുമ്പുതന്നെ പരിഹരിക്കേണ്ടതായിരുന്നു'- ട്രംപ് പറഞ്ഞു. 1979ല്‍ ഇറാനില്‍ 66 അമേരിക്കന്‍ പൗരന്മാരെ ബന്ദികളാക്കിയ സംഭവവും അദ്ദേഹം പരാമര്‍ശിച്ചു.
'ഈ ഭരണകൂടത്തിന്റെ കാലത്ത്, ഒടുവില്‍ ഞങ്ങള്‍ തിരിച്ചടിച്ചു. ശക്തമായി തിരിച്ചടിച്ചു. വിജയിക്കുകയും ചെയ്തു. ഇനി യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്നത് മാത്രമാണ് ചോദ്യം. 93 ശതമാനം വിജയമല്ല, സമ്പൂര്‍ണ വിജയമാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഞങ്ങള്‍ തകര്‍ത്തതെല്ലാം പുനര്‍നിര്‍മിക്കാന്‍ ഇറാന്‍ 25 വര്‍ഷമെടുക്കും. ആ രാജ്യത്ത് ഇനി കൂടുതല്‍ നാശം വിതയ്‌ക്കേണ്ടിവരില്ലെന്നാണ് പ്രതീക്ഷ'- ട്രംപ് കൂട്ടിച്ചേര്‍ത്തു.
കൊറിയന്‍ യുദ്ധവും വിയറ്റ്‌നാം യുദ്ധവും ഇറാഖ് യുദ്ധവും ദീര്‍ഘകാലം നീണ്ടുനിന്നതും നിരവധി ജീവനുകള്‍ നഷ്ടപ്പെടുത്തിയതുമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇറാനുമായുള്ള സംഘര്‍ഷം അധികം വൈകാതെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ യുദ്ധത്തില്‍ ഇതുവരെ പങ്കെടുത്ത എല്ലാ അമേരിക്കന്‍ സൈനികര്‍ക്കും ട്രംപ് നന്ദി അറിയിച്ചു.
'ലോകത്ത് ഭീകരവാദത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന രാജ്യമായി അമേരിക്ക വിശേഷിപ്പിക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ഒരിക്കലും ആണവായുധം ലഭിക്കാതിരിക്കാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സൈനികര്‍ക്കും ഈ വെറ്ററന്‍സ് ദിനത്തില്‍ പ്രത്യേക നന്ദി അറിയിക്കുന്നു'- ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ചരിത്രത്തിലെ അസാധാരണമായ കാലഘട്ടമാണിതെന്നും ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് രാജ്യം നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ചെറിയ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവ കൈകാര്യം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
1983 ഒക്ടോബര്‍ 23ന് ബെയ്‌റൂട്ടിലെ അമേരിക്കന്‍ മറീനുകളുടെ ബാരക്കുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ മറൈന്‍ സേനാ മുന്‍ ഉദ്യോഗസ്ഥന്‍ ഡേല്‍ ഗാര്‍ണറെയും ട്രംപ് ചടങ്ങില്‍ ആദരിച്ചു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഗാര്‍ണറുടെ സമീപത്തുണ്ടായിരുന്നവരില്‍ അദ്ദേഹം മാത്രമാണ് രക്ഷപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട 241 അമേരിക്കന്‍ സൈനികരെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനും ട്രംപ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. ഹെഗ്‌സെത്ത് മികച്ച രീതിയിലാണ് ചുമതല നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാനുള്ള നീക്കം ജനപ്രതിനിധിസഭയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തടഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രശംസ. ചടങ്ങില്‍ ഹെഗ്‌സെത്തിന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ സദസ്സില്‍ കൈയടി ഉയര്‍ന്നു.
'അങ്ങനെ സംഭവിക്കുമെന്ന് എനിക്ക് നേരത്തേ തന്നെ തോന്നിയിരുന്നു. അദ്ദേഹം മികച്ച ജോലിയാണ് ചെയ്യുന്നത്. നിങ്ങളെ അദ്ദേഹം സ്‌നേഹിക്കുന്നു, സംരക്ഷിക്കുന്നു. നിങ്ങളാണ് അദ്ദേഹത്തിന്റെ മുന്‍ഗണന'- ട്രംപ് പറഞ്ഞു.
വെറ്ററന്‍സ് ദിനാചരണ ചടങ്ങില്‍ ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്തും ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക വിജയിച്ചുവെന്ന് ആവര്‍ത്തിച്ച ട്രംപ്, ലക്ഷ്യം സമ്പൂര്‍ണ വിജയമാണെന്നും വ്യക്തമാക്കി. 93 ശതമാനം വിജയത്തില്‍ തൃപ്തിപ്പെടില്ലെന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് മുമ്പ് പൂര്‍ണ വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വ്യാപക തിരിച്ചടി നേരിട്ടതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇറാന്‍ യുദ്ധമാണെന്നാണ് തന്റെ വിലയിരുത്തലെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് നേരത്തേ പ്രതികരിച്ചിരുന്നു.
