56 വര്‍ഷം മുമ്പ് വിമാനം തകര്‍ന്ന് കാണാതായ മലയാളി ഉള്‍പ്പെടെ 4 സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

56 വര്‍ഷം മുമ്പ് വിമാനം തകര്‍ന്ന് കാണാതായ മലയാളി ഉള്‍പ്പെടെ 4 സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി


പത്തനംതിട്ട: 56 വര്‍ഷം മുമ്പ് വിമാനം തകര്‍ന്നുവീണ് കാണാതായ മലയാളി സൈനികന്റെ ഉള്‍പ്പെടെ
4 സൈനികരുടെ മൃതദേഹങ്ങള്‍ ലേ ലഡാക്കിലെ മഞ്ഞുമലകളില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ റൊത്താങ്പാസില്‍ 1968ലുണ്ടായ സൈനിക വിമാന അപകടത്തില്‍പ്പെട്ട് മരിച്ചവരാണ് ഇവര്‍. 102 പേരുമായി പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  9 പേരുടെ മൃതദേഹങ്ങള്‍ അപകടം നടന്നതിനു പിന്നാലെ  തന്നെ കിട്ടിയിരുന്നു. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അക്കൂട്ടത്തിലും മലയാളികളുണ്ട്.
ഇലന്തൂര്‍ ഒടാലില്‍ ഒ.എം. തോമസിന്റെ മകന്‍ തോമസ് ചെറിയാന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം ലേ ലഡാക് മഞ്ഞുമലകളില്‍നിന്ന് കണ്ടെത്തിയത്.


1968ലാണ് തോമസ് ചെറിയാനെ കാണാതായത്. അന്ന് 22 വയസ്സായിരുന്നു. പത്തനംതിട്ട കാതോലിക്കറ്റ് സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സിയും കോളജില്‍നിന്ന് പ്രീ-യൂനിവേഴ്‌സിറ്റിയും പൂര്‍ത്തിയാക്കിയ തോമസ് സൈന്യത്തില്‍ ചേരുകയായിരുന്നു. ലഡാക്കില്‍നിന്ന് ലേ ലഡാക്കിലേക്ക് പോകവെയാണ് വിമാനം തകര്‍ന്ന് കാണാതായത്. അപകടത്തില്‍ നിരവധിപേരെ കാണാതായിരുന്നു.

തോമസിന്റെ ഭൗതികശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥര്‍ ഇലന്തൂരിലെ വീട്ടില്‍ അറിയിച്ചു. അവിവാഹിതനായിരുന്നു തോമസ്. മാതാവ്: ഏലിയാമ്മ. തോമസ് തോമസ്, തോമസ് വര്‍ഗീസ്, മേരി വര്‍ഗീസ്, പരേതനായ തോമസ് മാത്യു എന്നിവര്‍ സഹോദരങ്ങളാണ്. ഇലന്തൂരിലെ വീട്ടില്‍ എത്തിക്കുന്ന ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.