തിരുവനന്തപുരം: കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ആശ്വാസം. സുഗതനെതിരെ ചുമത്തിയ കാപ്പ ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ കരുതൽ തടങ്കൽ അസാധുവാക്കിയ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതെത്തുടർന്ന് ജയിൽ മോചിതനായ സുഗതൻ പുറത്തിറങ്ങി. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആ സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു.
സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി സുഗതൻറെ ഭാര്യ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻറെ ഉത്തരവ്. സുഗതനെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് വിവേചനബുദ്ധിയില്ലാതെ തയ്യാറാക്കിയ ഒന്നാണെന്ന് കോടതി വിലയിരുത്തി. ജൂൺ എട്ടിന് പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവ് യാതൊരുവിധ മനസ്സിരുത്തലോ ആത്മനിഷ്ഠമായ ബോധ്യമോ ഇല്ലാതെ തികച്ചും ലാഘവത്തോടെയും അശ്രദ്ധയോടെയുമാണ് ഇറക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് റദ്ദാക്കുന്നതായി കോടതി അറിയിച്ചത്.
വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത്.
ജയിലിലായിരുന്ന സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 തീയതികളിൽ കോർപ്പറേഷൻ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ടു എന്നാരോപിച്ച് എൽഡിഎഫ് വലിയ രാഷ്ട്രീയ പ്രക്ഷോഭത്തിന് തിരികൊളുത്തിയിരുന്നു. ഈ വിഷയത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നായിരുന്നു ബിജെപിയുടെ വാദം. തുടർന്ന് തടവിൽ കഴിയുന്നതിനാൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം വ്യക്തമാക്കി ജയിൽ സൂപ്രണ്ട് മുഖേന സുഗതൻ സമർപ്പിച്ച ആറു മാസത്തെ അവധി അപേക്ഷ മേയർ വി.വി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം നേരത്തെ അംഗീകരിച്ചിരുന്നു.
അതേസമയം, ആര്‍ സുഗതന്റെ കാപ്പാ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ആരുമായും ഒത്തുകളിച്ചിട്ടില്ല. കോടതി ഉത്തരവ് പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കാപ്പാ കേസ് റദ്ദാക്കിയത് യുഡിഎഫും ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന സിപിഎം ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'സുഗതനെതിരെ എല്ലാ നടപടികളും യുഡിഎഫ് സര്‍ക്കാരാണ് സ്വീകരിച്ചത്. കാപ്പാ ചുമത്തിയതും ഈ സര്‍ക്കാരാണ്. കോടതി ഉത്തരവില്‍ എന്താണ് പറയുന്നതെന്ന് വായിക്കാതെ പറയാന്‍ പറ്റില്ല. ഏതായാലും ഒത്തുകളിയുടെ കാര്യമൊന്നുമില്ല. അതിന്റെ ആവശ്യം ഞങ്ങള്‍ക്കാര്‍ക്കും ഇല്ല. കുറേക്കാലമായി ഒത്തുകളിച്ചവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നത് എന്നതു മനസ്സിലാക്കണം.'
'ഇപ്പോള്‍ എന്തു പറഞ്ഞാലും ഒറ്റ വാചകം പറയും. ബിജെപിയുമായി ഒത്തുകളിയെന്ന്. എന്തു ഒത്തുകളിയാണ്?. കുറേ നാളായല്ലോ ഇതു തുടങ്ങിയിട്ട്. കഴിഞ്ഞ പത്തുകൊല്ലം കേരളം ഭരിച്ചപ്പോള്‍ ബിജെപിയുമായി നന്നായി ഒത്തുകളിച്ച ആളുകള്‍ ആ പാപം കഴുകിക്കളയാന്‍ വേണ്ടി ഞങ്ങളെ പിടിക്കേണ്ട. ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. സൈക്കിള്‍ മുട്ടി പട്ടി ചത്താലും പറയും ബിജെപിയും കോണ്‍ഗ്രസുമായിട്ട് ഒത്തുകളിയാണെന്ന്. ഈ ഏര്‍പ്പാടങ്ങ് നിര്‍ത്തണം'. രമേശ് ചെന്നിത്തല പറഞ്ഞു.
ആർ സുഗതന്റെ കാപ്പ റദ്ദാക്കി ഹൈക്കോടതി; ജാമ്യം അനുവദിച്ചു; സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി
