വേടന്റെ പുലിപ്പല്ല് കേസ് പെരുപ്പിച്ച് കാണിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് മന്ത്രി

വേടന്റെ പുലിപ്പല്ല് കേസ് പെരുപ്പിച്ച് കാണിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് മന്ത്രി


തിരുവനന്തപുരം: റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസ് പെരുപ്പിച്ച കാണിച്ച കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഉള്‍പ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.

സാംസ്‌കാരിക പ്രവര്‍ത്തകനും കലാകാരനുമായ ഹിരണ്‍ദാസ് മുരളി എന്ന വേടന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വേടന്‍ ശക്തമായി തിരിച്ചുവരണമെന്നും അദ്ദേഹം പറയുന്നു.

കേസുമായി ബന്ധപ്പെട്ട് അനാവശ്യ പ്രതികരണങ്ങള്‍ നടത്തി, അപൂര്‍വമായൊരു സംഭവം എന്ന നിലയില്‍ ഈ കേസിനെ പെരുപ്പിച്ചു കാണിക്കുകയാണ് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ചെയ്തതെന്നാണ് മന്ത്രി പറയുന്നത്.

രാഷ്ട്രീയബോധമുള്ള യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടന്‍. അതുകൊണ്ടു തന്നെ അറസ്റ്റിനിടയായ സാഹചര്യങ്ങള്‍ തിരുത്തി തിരിച്ചുവരാന്‍ വനം വകുപ്പ് വേടന്റെ ഒപ്പമുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കുന്നു.