വേടന് ജാമ്യം; പിന്നാലെ ആദ്യ പ്രേമപ്പാട്ടും പുറത്തിറങ്ങി

വേടന് ജാമ്യം; പിന്നാലെ ആദ്യ പ്രേമപ്പാട്ടും പുറത്തിറങ്ങി


കൊച്ചി: പുലിപ്പല്ല് കൈവശം വച്ച കേസില്‍ റാപ്പര്‍ വേടനെന്ന ഹിരണ്‍ ദാസ് മുരളിക്ക് ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.

അന്വേഷണത്തിന് പൂര്‍ണമായി വേടന്‍ സഹരിക്കുന്നതിനാലും യഥാര്‍ഥ പുലിപ്പല്ലാണ് കൈവശം വച്ചതെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ മൊഴിയും കണക്കിലെടുത്താണ് ജാമ്യം നല്‍കിയിരിക്കുന്നത്. 

പുലിപ്പല്ല് നല്‍കിയത് ശ്രീലങ്കന്‍ വംശജനാണെന്നാണ് വേടന്‍ നേരത്തെ പറഞ്ഞിരുന്നത്. പരിശോധനയില്‍ മാലയിലെ പുലിപ്പല്ല് യഥാര്‍ഥമാണെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വരാനുള്ള കാത്തിരിപ്പിലാണ് വനം വകുപ്പ്. 

അതിനിടെ വേടന്റെ പുതിയ പാട്ട് പുറത്തിറങ്ങി. തന്റെ ആദ്യത്തെ പ്രേമപ്പാട്ടെന്ന് വേടന്‍ വിശേഷിപ്പിച്ച മോണലോവ എന്ന ഗാനമാണ് ബുധനാഴ്ച പുറത്തിറങ്ങിയത്. 2.27 മിനുട്ടാണ് പാട്ടിന്റെ ദൈര്‍ഘ്യം. നേരത്തെ പല വേദികളിലും ഈ പാട്ടിലെ വരികള്‍ പാടിയിരുന്നെങ്കിലും പൂര്‍ണ രൂപത്തില്‍ ആദ്യമായാണ് പുറത്തിറങ്ങുന്നത്.