ലോകകേരളത്തിനായി മൊബൈല്‍ ആപ്പും; ലോഞ്ച് മുഖ്യമന്ത്രി നിര്‍വഹിച്ചു

ലോകകേരളത്തിനായി മൊബൈല്‍ ആപ്പും; ലോഞ്ച് മുഖ്യമന്ത്രി നിര്‍വഹിച്ചു


തിരുവനന്തപുരം: ലോകകേരളം ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മുഖ്യമന്തിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി  എസ്. ഹരികിഷോര്‍, ലോക കേരള സഭ ഡയറക്ടര്‍  ആസിഫ് കെ യൂസഫ്, നോര്‍ക്ക റൂട്ട്‌സ് സിഇഒ  അജിത് കോളശ്ശേരി, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി  സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ & പ്രോഡക്ട് ഡെവലപ്‌മെന്റ് ഡയറക്റ്റര്‍ ഡോ. ആര്‍. അജിത് കുമാര്‍, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സീനിയര്‍ പ്രോജക്ട് മാനേജര്‍ (എന്റര്‍െ്രെപസ് സിസ്റ്റംസ്)  അരുണ്‍ കുമാര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

    പ്രവാസികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ് ലോക കേരളം ഓണ്‍ലൈന്‍. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് ഒരു ഡിജിറ്റല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വേണമെന്ന നിര്‍ദേശം മൂന്നാം ലോക കേരള സഭയിലാണ് ഉയര്‍ന്നുവന്നത്.  ഇതിനെ തുടര്‍ന്ന് രൂപപ്പെടുത്തിയതാണ് ലോക കേരളം ഓണ്‍ലൈന്‍. പ്രവാസികള്‍ക്ക് ആശയ വിനിമയത്തിനും തൊഴില്‍ അവസരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറാനും സാംസ്‌കാരിക വിനിമയം സാധ്യമാക്കുന്നതുമായ വിപുലമായ സംവിധാനമാണ് ലോക കേരളം ഓണ്‍ലൈന്‍ ഒരുക്കുന്നത്.

നാലാം ലോക കേരള സഭയില്‍ ലോക കേരളം ഓണ്‍ലൈന്റെ ആദ്യ ഘട്ടം അവതരിപ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ പ്രവാസികള്‍ക്ക് മാത്രമായി നിരവധി സേവനങ്ങളാണ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പടുത്തുന്നത്. ഓണ്‍ലൈന്‍ മാനസികാരോഗ്യ ചികിത്സാ സംവിധാനം, ഓണ്‍ലൈന്‍ ആയുര്‍വേദ ചികിത്സാ സംവിധാനം, കലാമണ്ഡലത്തിന്റെ ഓണ്‍ലൈന്‍ ഹ്രസ്വകാല കോഴ്‌സുകള്‍, സ്‌കില്‍ സര്‍ട്ടിഫിക്കേഷന്‍, സര്‍ക്കാര്‍ ഇ  സേവനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സേവനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയാണ് ലോക കേരളം ഓണ്‍ലൈന് രൂപം കൊടുത്തിട്ടുള്ളത്.  രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമായ രീതിയിലാണ് പ്ലാറ്റ്‌ഫോം വികസപ്പിച്ചിട്ടുള്ളത്. ഈ പ്ലാറ്റ്‌ഫോമിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോറില്‍ നിന്നും  ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മൊബൈല്‍ ആപ്ലിക്കേഷനും കൂടി വരുന്നതോടെ മലയാളികളായ എല്ലാ പ്രവാസികള്‍ക്കും വളരെ എളുപ്പത്തില്‍ ഈയൊരു കൂട്ടായ്മയുടെ ഭാഗമാകാന്‍ സാധിക്കും.

ആപ്പിള്‍ സ്‌റ്റോര്‍ : https://apps.apple.com/in/app/lokakeralamonline/id6740562302

ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോര്‍ : https://play.google.com/store/apps/details?id=com.cdipd.norka