തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന് അനുവദിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്. പത്തുവര്‍ഷമായി പിണറായി വിജയന്‍ ഉപയോഗിച്ചിരുന്ന നമ്പറാണ് കട്ടായത്.
മുന്‍കൂട്ടി അറിയിക്കാതെയാണ് മൊബൈല്‍ നമ്പര്‍ പൊതുഭരണ വകുപ്പ് കട്ട് ചെയ്തതെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷവും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ആശയവിനിമയത്തിനുമായി ഈ നമ്പര്‍ പിണറായി വിജയന്‍ ഉപയോഗിച്ചുവരികയായിരുന്നു. ഇന്നലെ രാവിലെ ഫോൺ ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴാണ് നമ്പർ പ്രവർത്തനരഹിതമായ വിവരം പിണറായി വിജയനും ഓഫീസും അറിയുന്നത്. നിലവിൽ ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ നിലവിലില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി അദ്ദേഹത്തിന് പുതിയ മൊബൈൽ നമ്പർ ഉടൻ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാല്‍ ഇക്കാര്യത്തില്‍ പൊതുഭരണ വകുപ്പില്‍ നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. സംഭവത്തില്‍ പിണറായി വിജയന്റെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അധികാരം പോയി, പിണറായി വിജയൻ പത്ത് വർഷം ഉപയോഗിച്ച ഫോൺ നമ്പർ കട്ടാക്കി
