ആലപ്പുഴ: ട്രെയിന്‍ എത്തിയിട്ടും റെയില്‍വേ ഗേറ്റ് അടയ്ക്കാതെ ഗേറ്റ് കീപ്പർ. ഹരിപ്പാട് ആയാപറമ്പ് ആലിന്‍ചുവട് ഗേറ്റില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ട്രെയിൻ എത്തിയപ്പോൾ ട്രാക്കില്‍ ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നു. ദൂരെനിന്ന് വാഹനങ്ങള്‍ കണ്ടതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി, ഇതോടെയാണ് വന്‍ അപകടം ഒഴിവായി.
സംഭവത്തിന് കാരണം ഗേറ്റ് കീപ്പറുടെ അശ്രദ്ധയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. രണ്ട് വശത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു. വാഹനങ്ങളിലുണ്ടായിരുന്നവർ ബഹളം വച്ചതിന് ശേഷമാണ് ഗേറ്റ് കീപ്പർ ഗേറ്റടച്ചത്. എന്നാല്‍ സിഗ്നല്‍ ലഭിച്ചില്ലെന്നാണ് ഗേറ്റ് കീപ്പര്‍ പറയുന്നത്. ഇന്ന് വൈകിട്ടാണ് സംഭവം.
ജാംനഗര്‍ - തിരുനെല്‍വേലി എക്‌സ്പ്രസാണ് ഗേറ്റ് കീപ്പറുടെ അനാസ്ഥയെ തുടര്‍ന്ന് നിര്‍ത്തിയത്. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കാബിനിലിരുന്ന് ഗേറ്റ് കീപ്പര്‍ മൊബൈല്‍ നോക്കുകയായിരുന്നെന്നും ആരോപണമുണ്ട്. ഗേറ്റ് അടയ്ക്കാത്തതും സിഗ്നല്‍ തെളിയാത്തതും ലോക്കോ പൈലറ്റ് റെയില്‍വേ അധികൃതരെ അറിയിച്ചതായാണ് വിവരം.
ട്രെയിൻ എത്തിയിട്ടും റെയിൽവെ ഗേറ്റ് അടച്ചില്ല; ഹരിപ്പാട് ഒഴിവായത് വൻ ദുരന്തം, സിഗ്നൽ ലഭിച്ചില്ലെന്ന് ഗേറ്റ് കീപ്പർ
