രത്തൻ ഖേൽക്കർ മികച്ച ഉദ്യോ​ഗസ്ഥൻ, നിയമിച്ചതിൽ എന്താണ് തെറ്റ്? ബം​ഗാളിലേതുപോലെ താരതമ്യം ചെയ്യേണ്ട കാര്യമില്ല: മുഖ്യമന്ത്രി

രത്തൻ ഖേൽക്കർ മികച്ച ഉദ്യോ​ഗസ്ഥൻ, നിയമിച്ചതിൽ എന്താണ് തെറ്റ്? ബം​ഗാളിലേതുപോലെ താരതമ്യം ചെയ്യേണ്ട കാര്യമില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെയുള്ള വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി.സതീശൻ. ഖേൽക്കറുടെ നിയമനം തികച്ചും സ്വാഭാവികമായ ഭരണനടപടി മാത്രമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എസ്.ഐ.ആർ പരിഷ്കരണവുമായി ബന്ധപ്പെട്ട് ബം​ഗാളിലുണ്ടായത് നിരവധി പരാതികളാണെന്നും അത്തരത്തിലുള്ള പരാതികളേതെങ്കിലും രത്തൻ ഖേൽക്കർക്കെതിരേ ഉണ്ടായിരുന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

തെരഞ്ഞെടുപ്പ് നടത്തിയാൽ അതോടെ സിഇഒയുടെ ജോലി തീരുകയാണെന്നും അത് കഴിഞ്ഞാൽ പിറ്റേ ദിവസം അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കണമെന്നാണോ വിവാദം ഉണ്ടാക്കുന്നവർ പറയുന്നതെന്ന് വി.ഡി. സതീശൻ ചോദിച്ചു. നളിനി നെറ്റോയെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തിൽ നിയമിച്ചിട്ടുണ്ട്. ജയിച്ചതിന് ശേഷം കേൾക്കുന്ന ആദ്യത്തെ തമാശയാണിത്. രത്തൻ ഖേൽക്കറാണോ തങ്ങളെ ജയിപ്പിച്ചത്? യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് അദ്ദേഹമാണോ? ഈ പറയുന്നത് എന്തൊരു തമാശയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ക്രിയാത്മകമായ ചർച്ചകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗാളിൽ തെരഞ്ഞെടുപ്പ് സി.ഇ.ഒക്കെതിരെ കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസുമടക്കം പരാതികൾ ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. എസ്.ഐ.ആറിലൂടെ നിരവധി പേരെ വോട്ടർ പട്ടികയിൽ നിന്ന് ബംഗാളിലെ സിഇഓ പുറത്താക്കിയെന്ന ഗുരുതരമായ ആരോപണമുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള രത്തൻ ഖേൽക്കർക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കോ സി.പി.എമ്മിനോ എന്തെങ്കിലും പരാതിയുണ്ടായിരുന്നതായി അറിയില്ല. മാത്രമല്ല, കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹം പല സുപ്രധാന പദവികളും വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.