അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും; അമ്മയില്‍ നാല് മാസത്തിനകം തെരഞ്ഞെടുപ്പ്, പ്രശ്നത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വിഷ്ണുനാഥ്

അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും; അമ്മയില്‍ നാല് മാസത്തിനകം തെരഞ്ഞെടുപ്പ്, പ്രശ്നത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വിഷ്ണുനാഥ്


കൊച്ചി: ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവച്ചതിന് പിന്നാലെ അമ്മയെ നയിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. എംഎല്‍എ കൂടിയായ നടന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് അഡ്‌ഹോക് കമ്മിറ്റി. നടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അഡ്‌ഹോക് കമ്മിറ്റിയെ നയിക്കാന്‍ രമേഷ് പിഷാരടിയെ തെരഞ്ഞെടുത്തത്.

അഡ്‌ഹോക് കമ്മിറ്റിയില്‍ മുന്‍ മന്ത്രി ഗണേഷ് കുമാറും അംഗമാണ്. നാല് മാസമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടത്തും. അധികാരമേറ്റ് ഒരു വര്‍ഷം തികയും മുമ്പാണ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസിമിതിയ്ക്ക് രാജിവെക്കേണ്ടി വന്നത്. ആരുടേയും പാവയായിരിക്കാന്‍ തയ്യാറാല്ലെന്ന് പറഞ്ഞാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.

താനടക്കം 17 അംഗ ഭരണസമിതിയും ഒന്നടങ്കം രാജിവെച്ചതായി വ്യക്തമാക്കിയ അവർ, വലിയ ഗൂഢാലോചനയിലൂടെയും മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയിലൂടെയുമാണ് തങ്ങളെ പുറത്താക്കാൻ ചിലർ ശ്രമിച്ചതെന്നും തുറന്നടിച്ചു. കുറ്റാരോപിതരായ ചില ആളുകളുടെ കയ്യിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള നീക്കമാണ് ജനറൽ ബോഡിയിൽ നടന്നത്. ഒരു അവിശ്വാസ പ്രമേയം വരെ കൊണ്ടുവന്ന് തങ്ങളെ വേട്ടയാടാൻ നോക്കിയെന്നും പാവയായി ഇരുന്നാൽ മാത്രമേ സംഘടനയിൽ ഭരിക്കാൻ പറ്റൂ എന്ന നില വന്നതിനാലാണ് വ്യക്തിത്വം പണയം വെക്കാതെ പടിയിറങ്ങുന്നതെന്നും ശ്വേത മേനോൻ തുറന്നടിച്ചു. ഭരണസമിതിയിലെ ട്രഷറർ ഉണ്ണി ശിവപാൽ ആരെയും അറിയിക്കാതെ പെട്ടെന്ന് മുങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും അവർ പറഞ്ഞു. 

അതേസമംയം, 'അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. താരസംഘടനയിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യങ്ങളാണ്. സര്‍ക്കാര്‍ ഇതില്‍ ഇടപെടേണ്ടതില്ല, മുമ്പും ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. സംഘടനയ്ക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.