വഖഫ് ബില്‍ പാസായാല്‍ മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന ബി ജെ പി വാദം ശരിയല്ലെന്ന് കേന്ദ്രമന്ത്രിയും സമ്മതിച്ചു: വി ഡി സതീശന്‍

വഖഫ് ബില്‍ പാസായാല്‍ മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന ബി ജെ പി വാദം ശരിയല്ലെന്ന് കേന്ദ്രമന്ത്രിയും സമ്മതിച്ചു: വി ഡി സതീശന്‍


തിരുവനന്തപുരം: വഖഫ് ബില്‍ പാസായാല്‍ മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന ബി ജെ പിയുടെ വാദം ശരിയല്ലെന്ന് സമ്മതിക്കുന്നതാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വാക്കുകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫിന്റെ നിലപാടാണ് ശരിയെന്ന് വഖഫ് ഭേഗതി ബില്‍ അവതരിപ്പിച്ച മന്ത്രിക്ക് പോലും അംഗീകരിക്കേണ്ടി വന്നു. മാത്രമല്ല മുമ്പത്തെ സംബന്ധിച്ച് ഒരിക്കലും അവസാനിക്കാത്ത നിയമ പോരാട്ടങ്ങള്‍ക്ക് വാതില്‍ തുറന്നിടുന്നതാണ് വഖഫ് ഭേദഗതി ബില്‍ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

എന്ത് പ്രതിസന്ധി ഉണ്ടായാലും മുനമ്പം പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് യു ഡി എഫിന് ഉറപ്പുണ്ട്. ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിന് തടസമായി നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡുമാണ്. വഖഫ് ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരുന്ന മുനമ്പം നിവാസികളെ പാടെ നിരാശപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ നിലപാട്.

ട്രിബ്യൂണലിനെതിരെ വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയത് മുനമ്പം നിവാസികളോടുള്ള വഞ്ചനയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നാണ് ഭൂമി നല്‍കിയ സേട്ടിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫറൂഖ് കോളേജും ട്രിബ്യൂണലില്‍ വ്യക്തമാക്കിയത്. പ്രശ്‌ന പരിഹാര സാധ്യത തെളിഞ്ഞ് വന്നപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ അത് അട്ടിമറിച്ചത്.

വഖഫ് ഭേദഗതി ബില്ലിന് മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രി നേരത്തെ സമ്മതിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് മുനമ്പം വിഷയം ശാശ്വതമായി പരിഹരിക്കുന്നത്. രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കാത്തിരിക്കുകയാണ് ബി ജെ പി. ആ രാഷ്ട്രീയ ലാഭം യു ഡി എഫിന് വേണ്ടെന്നും ശാശ്വത പ്രശ്‌ന പരിഹാരമാണ് യു ഡി എഫ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.