പുനര്‍ജനി കേസില്‍ വി ഡി സതീശന് ക്ലീന്‍ ചിറ്റ്

പുനര്‍ജനി കേസില്‍ വി ഡി സതീശന് ക്ലീന്‍ ചിറ്റ്


തിരുവനന്തപുരം: പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തു വന്നു. സതീശന്‍ കുറ്റം ചെയ്തതിന് തെളിവില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. 

വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തിട്ടില്ലെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സെപ്റ്റംബറില്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത സര്‍ക്കാരിന് സമര്‍പ്പിച്ച കത്താണ് പുറത്തു വന്നിരിക്കുന്നത്.

സ്പീക്കറുടെ വിശദീകരണ കത്തിന് നല്‍കിയ മറുപടിയിലാണ് സതീശന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത്. സ്പീക്കറുടെ അനുമതിയില്ലാതെ വി ഡി സതീശന്‍ വിദേശത്ത് പോയതായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിലാണ് ആഭ്യന്തര സെക്രട്ടറിക്ക് സ്പീക്കര്‍ വിശദീകരണം നല്‍കിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജിലന്‍സ് ശുപാര്‍ശ വീണ്ടും പൊടിതട്ടിയെടുക്കാനാണ് സി ബി ഐയുടെ ശ്രമം. പുനര്‍ജനിയില്‍ ക്രമക്കേടില്ലെന്നും എന്നാല്‍ വിദേശ ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കണമെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കേന്ദ്രീകരിച്ചാണ് സി ബി ഐ അന്വേഷണത്തിനൊരുങ്ങുന്നത്.