വി ഡി സതീശന്‍ കോഴ വാങ്ങിയതിന് തെളിവുണ്ടോയെന്ന് കോടതി

വി ഡി സതീശന്‍ കോഴ വാങ്ങിയതിന് തെളിവുണ്ടോയെന്ന് കോടതി


തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവുണ്ടോയെന്ന ചോദ്യം ഉന്നയിച്ച്  തിരുവനന്തപുരം വിജിലന്‍സ് കോടതി. ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കൃത്യമായ തെളിവുണ്ടാവണം. ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. 

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അന്‍വറിന്റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

നിയമസഭയിലാണ് വി ഡി സതീശനെതിരെ പി വി അന്‍വര്‍ എം എല്‍ എ ആരോപണം ഉന്നയിച്ചത്. ഹര്‍ജിയില്‍ ഇതേവരെ സ്വീകരിച്ച കാര്യങ്ങള്‍ അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി.

കെ റെയില്‍ നടപ്പായാല്‍ കേരളത്തിലെ ഐ ടി മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ കുതിച്ചുചാട്ടം തടയുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതിനായി കേരളത്തിലെ കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താനാണ് സതീശനു പണം നല്‍കിയതെന്നും ഇതിന്റെ ഭാഗമായിരുന്നു കെ റെയില്‍ പദ്ധതിക്കെതിരേ കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളെന്നും അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണം. 

കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായാണ് കമ്പനികള്‍ ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് ഇവരുടെ ഗൂഢാലോചന നടപ്പാക്കാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തുകയായിരുന്നു. ദൗത്യം വിജയിച്ചാല്‍ സതീശനെ കേരള മുഖ്യമന്ത്രിയാക്കാമെന്നും വഗ്ദാനമുണ്ടായിരുന്നു. ശീതീകരിച്ച മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്‌നറുകളിലാണ് ഇലക്ഷന്‍ ഫണ്ട് എന്ന ലേബലില്‍ മൂന്നു ഘട്ടമായി സതീശനു പണം എത്തിച്ചുകൊടുത്തത്. 50 കോടി രൂപ വീതമാണ് ഓരോ ഘട്ടത്തിലും എത്തിച്ചത്. 2021 ഫെബ്രുവരി, മാര്‍ച്ച് സമയത്തായിരുന്നു ഇത്. കണ്ടെയ്‌നറുകളില്‍ കൊണ്ടുവന്ന പണം തുടര്‍ന്ന് ആംബുലന്‍സിലാണ് താഴേത്തട്ടിലേക്ക് വീതിച്ചുകൊടുത്തതെന്നും അന്‍വര്‍ എം എല്‍ എ നിയമസഭയില്‍ ആരോപിച്ചിരുന്നു.

ഇലക്ഷന്‍ ഫണ്ടിന്റെ പേരിലാണ് വന്നതെങ്കിലും ഈ തുക തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാനാര്‍ഥികള്‍ക്കോ നേതാക്കള്‍ക്കോ നല്‍കിയിട്ടില്ല. പകരം, കര്‍ണാടകയില്‍ നിക്ഷേപം നടത്തിയിരിക്കുകയാണ്. ഇതാണ് സതീശന്‍ മാസത്തില്‍ മൂന്നു വട്ടമെങ്കിലും ബംഗളൂരുവില്‍ പോകാന്‍ കാരണമെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.