വെയില്‍സ് രാജകുമാരിക്ക് അര്‍ബുദം സ്ഥിരീകരിച്ചു

വെയില്‍സ് രാജകുമാരിക്ക് അര്‍ബുദം സ്ഥിരീകരിച്ചു

Photo Caption


ലണ്ടന്‍: വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ടണ്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് കീമോതെറാപ്പിക്ക് വിധേയയകുകയാണെന്ന് വെളിപ്പെടുത്തി. സുഖമായിരിക്കുന്നുവെന്നും ഓരോ ദിവസവും ശക്തയാകുന്നുവെന്നും അവര്‍ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ജനുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം വെയ്ല്‍സ് രാജകുമാരി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇത് അവരുടെ ആരോഗ്യത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായിരുന്നു. 

ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നതായും പിന്തുണക്കും സ്‌നേഹ സന്ദേശങ്ങള്‍ക്കും വ്യക്തിപരമായി നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന വീഡിയോ സന്ദേശം  തങ്ങളുടെ കുടുംബത്തിന് ഈ രണ്ട് മാസക്കാലം അവിശ്വസനീയമാംവിധം കഠിനമാണെങ്കിലും തന്നെ വളരെയധികം പരിപാലിക്കുന്ന മികച്ച മെഡിക്കല്‍ സംഘമുണ്ടെന്നും അതിന് താന്‍ വളരെ നന്ദിയുള്ളവളാണെന്നും വിശദമാക്കുന്നു. 

വയറിന് ശസ്ത്രക്രിയ നടത്തിയപ്പോള്‍ അര്‍ബുദമാണെന്ന് അറിയില്ലായിരുന്നുവെന്നും കേറ്റ് വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിശോധനകളിലാണ് അര്‍ബുദം കണ്ടെത്തിയത്. പ്രതിരോധ കീമോതെറാപ്പിയുടെ ഒരു കോഴ്‌സിന് വിധേയയാകണമെന്ന് മെഡിക്കല്‍ സംഘത്തിന്റെ ഉപദേശത്തെ തുടര്‍ന്ന് പ്രസ്തുത ചികിത്സ നടക്കുകയാണെന്നും കൊട്ടാരം പുറത്തുവിട്ട വീഡിയോയില്‍ രാജകുമാരി പറഞ്ഞു. 

മക്കളായ ജാര്‍ജ്ജിനോടും ഷാര്‍ലറ്റിനോടും ലൂയിസിനോടും എല്ലാ കാര്യങ്ങളും വിശദീകരിക്കാനും താന്‍ തിരിച്ചുവരുമെന്ന് ഉറപ്പു നല്‍കാനും കുറച്ചു സമയമെടുത്തതായും അവര്‍ വിശദീകരിക്കുന്നു.

വില്യം അരികിലുണ്ടെന്നത് ആശ്വാസവും ഉറപ്പുമാണെന്നും നിങ്ങളില്‍ പലരും കാണിക്കുന്ന സ്‌നേഹവും പിന്തുണയും ദയയും തങ്ങള്‍ വിലമതിക്കുന്നുവെന്നും ചികിത്സ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു കുടുംബമെന്ന നിലയില്‍ തങ്ങള്‍ക്ക് കുറച്ച് സമയവും സ്ഥലവും സ്വകാര്യതയും ആവശ്യമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

വെയില്‍സ് രാജകുമാരിക്ക് രാജ്യത്തിന്റെ മുഴുവന്‍ സ്‌നേഹവും പിന്തുണയുമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എക്സില്‍ പോസ്റ്റ് ചെയ്തു.

രാജകുടുംബത്തില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ കേറ്റ് മിഡില്‍ടണ്‍ എവിടെയാണെന്ന് വ്യക്തമായ വിവരമുണ്ടായിരുന്നില്ല.