കളിക്കാത്തവര്‍ക്കും കളിച്ചവര്‍ക്കും അഞ്ച് കോടി

കളിക്കാത്തവര്‍ക്കും കളിച്ചവര്‍ക്കും അഞ്ച് കോടി


ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയ്ക്ക് 125 കോടി രൂപ ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം തുല്യമായി വീതിക്കപ്പെടുമ്പോള്‍ കളിച്ച രോഹിത് ശര്‍മ്മക്കും വിരാട് കോലിക്കും കളിക്കളത്തില്‍ ഇറങ്ങാന്‍ അവസരം ലഭിക്കാതെ പോയ യസ്വേന്ദ്ര ചഹലിനും സഞ്ജു സാംസണും അഞ്ച് കോടി രൂപ വീതം ലഭിക്കും.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടത്തിയ പ്രഖ്യാപനത്തിനൊപ്പം 125 കോടിയുടെ ചെക്ക് ടീം ഇന്ത്യയ്ക്ക് ബിസിസിഐ കൈമാറിയിരുന്നു. 15 ഫസ്റ്റ്-ടീം കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, റിസര്‍വ് അംഗങ്ങള്‍ തുടങ്ങി മൊത്തം 42 പേരാണ് ലോകകപ്പിനായി അമേരിക്കയിലേക്കും വെസ്റ്റ് ഇന്‍ഡീസിലേക്കും യാത്ര ചെയ്തിരുന്നത്. ഇതില്‍ ഒറ്റമത്സരം പോലും കളിക്കാത്ത ടീമംഗങ്ങള്‍ക്കും കളിച്ചവര്‍ക്ക് ലഭിച്ച തുല്യ തുക ലഭിക്കും.

15 അംഗ ഇന്ത്യന്‍ ടീമിന് അഞ്ച് കോടി രൂപ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക. അതായത് ഒറ്റ കളി പോലും കളിക്കാത്ത സഞ്ജു സാംസണും യുസ്വേന്ദ്ര ചാഹലിനും യശ്വസി ജയ്സ്വാളിനും പോലും അഞ്ച് കോടി രൂപ ലഭിക്കും. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപ ലഭിക്കും എന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവരുള്‍പ്പെടെ ദ്രാവിഡിന്റെ കോച്ചിംഗ് സ്റ്റാഫിന് 2.5 കോടി വീതം ലഭിക്കും.

ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനൊപ്പം നാല് റിസര്‍വ് കളിക്കാരെയും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തു. റിങ്കു സിംഗ്, ശുഭ്മാന്‍ ഗില്‍, അവേഷ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവരായിരുന്നു അവര്‍. ഇവര്‍ക്ക് ഒരു കോടി രൂപ വീതം പ്രതിഫലം നല്‍കും. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം വിതരണം ചെയ്യും.

സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്ള മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍, മൂന്ന് ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റുകള്‍, രണ്ട് മസാജര്‍മാര്‍, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് എന്നിവര്‍ക്ക് 2 കോടി രൂപ വീതം ലഭിക്കും. കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന സമ്മാനത്തുകയെക്കുറിച്ച് അറിയിച്ചിട്ടുണ്ട് എന്നും എല്ലാവരോടും ഒരു ഇന്‍വോയ്സ് സമര്‍പ്പിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.