ലണ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമായതോടെ ആഗോള എണ്ണ വിലയിലും വലിയ വര്‍ധനവ് രേഖപ്പെടുത്തി. ഏകദേശം രണ്ടു വര്‍ഷത്തിന് ശേഷമാണ് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളര്‍ കടക്കുന്നത്.
വെള്ളിയാഴ്ച വ്യാപാരത്തിനിടെ ബ്രെന്റ് ക്രൂഡ് വില 6 ശതമാനത്തിലധികം ഉയര്‍ന്ന് ബാരലിന് 91.89 ഡോളര്‍ വരെ എത്തി. അതേസമയം അമേരിക്കന്‍ ബെഞ്ച്മാര്‍ക്കായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) എണ്ണവില 11 ശതമാനത്തിലധികം ഉയര്‍ന്ന് 90 ഡോളറിന് മുകളില്‍ വ്യാപാരം നടത്തി.
യു എസ്, ഇസ്രായേല്‍, ഇറാന്‍ സംഘര്‍ഷം ശക്തമായതിനോടൊപ്പം ഇറാഖിലെ എണ്ണപ്പാടങ്ങള്‍ ആക്രമണത്തിനിരയാകുകയും ചെയ്തതോടെ വിതരണ തടസ്സത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതാണ് എണ്ണവില കുതിക്കാന്‍ കാരണമായത്.
കഴിഞ്ഞ ഒരു ആഴ്ചക്കിടെ ബ്രെന്റ് ക്രൂഡ് വില 25 ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍, ഡ്ബ്ല്യുടിഐ വില ഏകദേശം മൂന്നിലൊന്ന് വരെ വര്‍ധിച്ചു. യുദ്ധം ദീര്‍ഘകാലം നീണ്ടാല്‍ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കടല്‍ഗതാഗതത്തേയും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അതോടെ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രത്യാഘാതമുണ്ടാകാമെന്നും വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രധാനമായ കടല്‍ ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏകദേശം അഞ്ചിലൊന്ന് ക്രൂഡ് ഓയിലും ദ്രവീകൃത പ്രകൃതിവാതകവും ഈ കടല്‍പ്പാതയിലൂടെയാണ് കടന്നുപോകുന്നത്.
അമേരിക്കന്‍ നാവികസേന കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുമെന്ന് യു എസ് അറിയിച്ചു. യു എസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പറയുന്നതനുസരിച്ച് സാഹചര്യം അനുകൂലമായാല്‍ കപ്പലുകള്‍ക്ക് സൈനിക സുരക്ഷയോടെ കടല്‍പ്പാതയിലൂടെ യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കും.
അതേസമയം ഉയര്‍ന്ന എണ്ണവില ആഗോള പണപ്പെരുപ്പം വീണ്ടും ഉയരാന്‍ ഇടയാക്കുമെന്ന ആശങ്ക ശക്തമാക്കുന്നുണ്ട്. ഇതോടെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാന്‍ പല രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കാനുള്ള പദ്ധതികള്‍ വൈകിപ്പിക്കേണ്ടി വരാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
അമേരിക്കയിലെ സാമ്പത്തിക കണക്കുകള്‍ വിപണിയില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യു എസ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ 92,000 തൊഴിലുകള്‍ കുറയുകയും തൊഴിലില്ലായ്മ ഉയരുകയും ചെയ്തു. ജനുവരിയില്‍ 126,000 പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചിരുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതോടെ ആഗോള ഓഹരി വിപണികളും സമ്മര്‍ദ്ദത്തിലായി. വാള്‍ സ്ട്രീറ്റിലെ പ്രധാന സൂചികകള്‍ ഒരു ശതമാനത്തിലധികം താഴ്ന്നപ്പോള്‍ യൂറോപ്യന്‍ വിപണികളും ഏകദേശം ഒരു ശതമാനം നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
