ഫ്രാന്‍സ് സെമിയില്‍

ഫ്രാന്‍സ് സെമിയില്‍


ബോസ്റ്റണ്‍: എംബാപ്പെയും ഡെംബലെയും നേടിയ ഗോളുകളുടെ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് 2026 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍. ഗില്ലെറ്റ് സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് 2018ലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് അവസാന നാലില്‍ ഇടംപിടിച്ചത്.

ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാന്‍ ഫ്രാന്‍സിന് കഴിഞ്ഞില്ല. 28-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനു തടുത്തിട്ടു. നുസൈര്‍ മസ്രാവോയിയുടെ ഫൗളിനെ തുടര്‍ന്നാണ് ഫ്രാന്‍സിന് പെനാല്‍റ്റി ലഭിച്ചത്. വി എ ആര്‍ പരിശോധനയ്ക്ക് ശേഷമായിരുന്നു പെനാല്‍റ്റി അനുവദിച്ചത്. 

രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയ ഫ്രാന്‍സ് 60-ാം മിനിറ്റില്‍ ലീഡെടുത്തു. പെനാല്‍റ്റി ഏരിയയുടെ അരികില്‍ നിന്ന് എംബാപ്പെ തൊടുത്ത മനോഹരമായ വലങ്കാലന്‍ ഷോട്ട് ബൗനുവിന് മറികടക്കാനായില്ല. ടൂര്‍ണമെന്റിലെ എംബാപ്പെയുടെ എട്ടാം ഗോളായിരുന്നു ഇത്.

66-ാം മിനിറ്റില്‍ ഒസ്മാനെ ഡെംബലെ ലീഡ് ഇരട്ടിയാക്കി. മധ്യനിരയില്‍ നിന്ന് പന്തുമായി മുന്നേറിയ പാരിസ് സെന്റ് ജെര്‍മെയ്ന്‍ താരം താഴ്ന്ന ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചതോടെ ഫ്രാന്‍സിന്റെ ജയം ഉറപ്പായി.

മത്സരത്തില്‍ പന്തടക്കത്തിലും ആക്രമണത്തിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഫ്രാന്‍സ് മൊറോക്കോയ്ക്ക് കാര്യമായ അവസരങ്ങളൊന്നും അനുവദിച്ചില്ല. 83-ാം മിനിറ്റില്‍ അസെദ്ദീന്‍ ഔനാഹിയുടെ ഫ്രീകിക്കിലൂടെയാണ് മൊറോക്കോ ആദ്യമായി ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിര്‍ത്തത്. എന്നാല്‍ ഫ്രഞ്ച് ഗോള്‍കീപ്പര്‍ മൈക്ക് മെയ്‌നന്‍ അത് അനായാസം രക്ഷപ്പെടുത്തി.

സെമിഫൈനലില്‍ ഫ്രാന്‍സ് സ്‌പെയിന്‍- ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയികളെയാണ് നേരിടുക. ലോസ് ആഞ്ചലസില്‍ നടക്കുന്ന ആ മത്സരത്തിലെ വിജയികളാണ് ടെക്‌സസിലെ ആര്‍ലിങ്ടണില്‍ നടക്കുന്ന അവസാന നാലിലെ പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.