ഇറാനെതിരെ വീണ്ടും ആക്രമണത്തിന് തയ്യാറെന്ന് ഇസ്രയേൽ; 'ആവശ്യമെങ്കിൽ മൂന്നാം തവണയും പ്രഹരിക്കും'

ഇറാനെതിരെ വീണ്ടും ആക്രമണത്തിന് തയ്യാറെന്ന് ഇസ്രയേൽ; 'ആവശ്യമെങ്കിൽ മൂന്നാം തവണയും പ്രഹരിക്കും'


ജറുസലം: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ, ആവശ്യമെങ്കിൽ ഇറാനെതിരെ മൂന്നാം തവണയും സൈനിക നടപടി സ്വീകരിക്കാൻ തയ്യാറാണെന്ന് ഇസ്രയേൽ പ്രതരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. ഇത്തവണ തിരിച്ചടിയുണ്ടായാൽ അതനേക്കാൾ ശക്തമായ ആക്രമണമാകും നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനിക ചടങ്ങിൽ സംസാരിക്കവെയാണ് കാറ്റ്‌സിന്റെ പ്രതികരണം. 'സൈന്യം പൂർണ സജ്ജമാണ്. ഇറാനിലെ വ്യോമമേഖലയിൽ വീണ്ടും മേൽക്കൈ നേടാനും ഭീഷണികൾ ഇല്ലാതാക്കാനും ആവശ്യമെങ്കിൽ മൂന്നാം തവണയും ആക്രമണം നടത്താനും ഞങ്ങൾ തയ്യാറാണ്. തിരിച്ചുപോകേണ്ട സാഹചര്യമുണ്ടായാൽ അതിലും വലിയ ശക്തയോടെയാകും നടപടി,' അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാന നിലപാടാണ് സ്വീകരിച്ചത്. ഇസ്രയേൽ നടത്തിയ രണ്ട് സൈനിക നടപടികളിലൂടെ ഇറാന്റെ സൈനിക ശേഷി ഗണ്യമായി ക്ഷയിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

'ഇറാൻ നയിക്കുന്ന സഖ്യത്തിന്റെ ശക്തി മുമ്പെങ്ങുമില്ലാത്തവിധം ദുർബലമായിരിക്കുകയാണ്. അതേസമയം ഇസ്രയേൽ കൂടുതൽ ശക്തമായിട്ടുണ്ട്. യെമൻ മുതൽ ഇറാൻ വരെ എവിടെയും എത്തച്ചേരാൻ ഇസ്രയേൽ വ്യോമസേനയ്ക്ക് കഴിയുമെന്ന് തെളിയിച്ചു. എന്നാൽ ഈ പോരാട്ടം ഇതോടെ അവസാനിച്ചിട്ടില്ല,' നെതന്യാഹു പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ആക്രമണപ്രത്യാക്രമണങ്ങൾ നടന്നതോടെ പശ്ചമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായി. ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ (MoU) ഭാവിയെക്കുറിച്ചും അനിശ്ചിതത്വം ഉയർന്നിട്ടുണ്ട്.

അമേരിക്ക വ്യാഴാഴ്ച ഇറാന്റെ തീരപ്രദേശങ്ങളിലെ ഏകദേശം 90 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്താനാണ് ആക്രമണമെന്ന് അമേരിക്ക വിശദീകരിച്ചു.

ഇതിന് പിന്നാലെ കുവൈത്ത്, ഖത്തർ, ബഹ്രൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നിരവധി കാമികാസെ ഡ്രോണുകൾ ഉപയോഗിച്ച് തിരിച്ചടിയുണ്ടാക്കിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റപ്പോർട്ട് ചെയ്തു. പശ്ചമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിനെതിരായ തുടരനടപടികളുടെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.