ഇസ്‌ലാമാബാദ്/ദോഹ: യുഎസും ഇറാനും തമ്മിലുള്ള പുതിയ സൈനിക ഏറ്റുമുട്ടലിനെ തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇരു രാജ്യങ്ങളെയും വീണ്ടും ചർച്ചാമേശയിലേക്ക് കൊണ്ടുവരാനുള്ള നയതന്ത്ര ശ്രമങ്ങൾ പാകിസ്താനും ഖത്തറും ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിലെ സംഘർഷം കൂടുതൽ വഷളായതോടെയാണ് മധ്യസ്ഥശ്രമങ്ങൾ സജീവമായത്. ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്ന ഖത്തറും പാകിസ്താനും സമാധാനചർച്ചകൾ പുനരാരംഭിക്കാൻ വിവിധ തലങ്ങളിൽ ഇടപെടുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.
അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ സംസ്‌കാരച്ചടങ്ങുമായി ബന്ധപ്പെട്ടും പുതിയ വിവരങ്ങൾ പുറത്തുവന്നു. ഖമേനിയുടെ മകൻ മൊജ്തബ അലി ഖമനെയി പിതാവിന്റെ പൊതുദർശനത്തിലോ സ്വകാര്യ സംസ്‌കാരച്ചടങ്ങിലോ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇറാൻ ഇതുവരെ നൽകിയിട്ടില്ല.
യുഎസ്-ഇറാൻ ബന്ധം വീണ്ടും അതീവ സംഘർഷാവസ്ഥയിലായ സാഹചര്യത്തിൽ, സമാധാനശ്രമങ്ങൾ വിജയിക്കുമോയെന്നത് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്.
യുഎസ്-ഇറാൻ ചർച്ചകൾ പുനരാരംഭിക്കാൻ പാകിസ്താനും ഖത്തറും ശ്രമത്തിൽ; ഖമനെയിയുടെ മകൻ പിതാവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
