തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. പോലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം കുറിക്കുന്ന ഒന്നാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
അയൽ സംസ്ഥാനങ്ങളുമായി 'ഇൻ്റലിജൻസ് സിൻക്രോണിസിറ്റി' അഥവാ തത്സമയ വിവര കൈമാറ്റ സംവിധാനമാണ് കേരളം ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇന്നലെ ബംഗളൂരു വിധാൻസൗധയിൽ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ 'ഓപ്പറേഷൻ തൂഫാനു'മായി കർണാടക സർക്കാർ പൂർണമായും സഹകരിക്കുമെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കൂടി ഒരു കേന്ദ്രീകൃത ശൃംഖലയിലേക്ക് കൊണ്ടുവരുന്നതിലൂടെ ലഹരിക്കടത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെയും ഇടപാടുകളെയും കൃത്യമായി മാപ്പ് ചെയ്യാൻ കേരളാ പൊലീസിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും സപ്ലൈ ചെയിൻ നിലനിൽക്കുന്നത് അയൽസംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിർത്തി ഗ്രാമങ്ങളിലുമാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് താഴേത്തട്ടിലുള്ള പോലീസ് നടപടികൾക്കൊപ്പം മാക്രോ ലെവലിലുള്ള അന്തർസംസ്ഥാന സുരക്ഷാ ഏകോപനത്തിനുമാണ് ആഭ്യന്തര വകുപ്പ് മുൻഗണന നൽകുന്നത്. ലഹരി സിൻഡിക്കേറ്റുകളുടെ വേരറുക്കാൻ പ്രാദേശിക പ്രതിരോധത്തിനൊപ്പം അയൽസംസ്ഥാനങ്ങളുമായി ചേർന്നുള്ള സംയുക്ത പ്രതിരോധ ശൃംഖലയിലേക്ക് ഓപ്പറേഷൻ തൂഫാൻ കടക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
'തൂഫാൻ' അതിർത്തി കടന്നും ആഞ്ഞടിക്കും, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്
