ടെഹ്രാൻ: അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമെനെയിയുടെ ഭൗതികശരീരം ജന്മനാടായ മശ്ഹദിലെ ഇമാം റിസ ദേവാലയ സമുച്ചയത്തിൽ സംസ്‌കരിച്ചു. ഇറാനിലും ഇറാഖിലുമായി ഒരാഴ്ച നീണ്ട അനുസ്മരണച്ചടങ്ങുകൾക്കും വിലാപയാത്രകൾക്കും ശേഷമാണ് സംസ്‌കാരം നടന്നത്. പതിനായിരക്കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ മശ്ഹദിൽ തടിച്ചുകൂടി.
ടെഹ്രാനിൽ നിന്ന് മശ്ഹദിലേക്കുള്ള അന്തിമയാത്രയ്ക്കിടെ റെയിൽവേ പാതകൾക്ക് നേരെയുണ്ടായ ആക്രമണവും ഇറാഖിലെ നജഫ്, കർബല എന്നിവിടങ്ങളിലെ വൻ ജനത്തിരക്കും കാരണം വിലാപയാത്ര പലതവണ വൈകിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ മുതൽ ഇമാം റിസ ദേവാലയ പരിസരത്തും നഗരത്തിലെ പ്രധാനവീഥികളിലും ആയിരക്കണക്കിന് വിശ്വാസികൾ ഒത്തുകൂടി. വിലാപയാത്രയ്ക്ക് ശേഷം ഖാമെനെയിയുടെ ഭൗതികശരീരം ദേവാലയ സമുച്ചയത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചടങ്ങിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയും അമേരിക്കൻ ആക്രമണങ്ങൾക്കെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നു.
അതേസമയം, പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖാമെനെയി ചടങ്ങിൽ പങ്കെടുത്തില്ല. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യനിലയെക്കുറിച്ച് വ്യത്യസ്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കാലിന് ചെറിയ പരിക്കുകൾ മാത്രമാണുള്ളതെന്നും സുരക്ഷാ കാരണങ്ങളാലാണ് പൊതുചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ഇറാൻ ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ഗുരുതര പരിക്കുകളുണ്ടായെന്ന റിപ്പോർട്ടുകളും പുറത്തുവിട്ടിട്ടുണ്ട്.
ഖാമെനെയിയെ സംസ്‌കരിച്ച ഇമാം റിസ ദേവാലയം ഷിയാ മുസ്ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഷിയാ ഇസ്ലാമിലെ എട്ടാമത്തെ ഇമാമായ അലി അൽ റിദയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന ഈ ദേവാലയം നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് വിശ്വാസികളുടെ ആരാധനാകേന്ദ്രമാണ്. പേർഷ്യൻ ഇസ്ലാമിക വാസ്തുവിദ്യയുടെ മനോഹാരിത നിറഞ്ഞ ഈ സമുച്ചയത്തിൽ സ്വർണ താഴികക്കുടങ്ങളും വിശാലമായ പ്രാകാരങ്ങളും അലങ്കാര കമാനങ്ങളും ഉൾപ്പെടുന്നു. വർഷംതോറും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തീർഥാടകരാണ് ഇവിടെ എത്തുന്നത്.
ഖാമെനെയിക്ക് മശ്ഹദിൽ അന്ത്യവിശ്രമം; ഇമാം റിസ ദേവാലയത്തിൽ വൻ ജനാവലിയുടെ അന്ത്യാഞ്ജലി
