ടെഹ്രാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനെയിയുടെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത് 'ഡൗൺ വിത്ത് യു.എസ്.എ', 'ഡൗൺ വിത്ത് ഇസ്രയേൽ', 'ഡൗൺ വിത്ത് സയണിസം' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയ അമേരിക്കൻ രാഷ്ട്രീയ ഇൻഫ്‌ളുവൻസർ ജാക്‌സൺ ഹിങ്കിൾ വീണ്ടും വിവാദത്തിൽ. ടെഹ്രാനിലെ എംഗെലാബ് സ്‌ക്വയറിൽ നടന്ന ചടങ്ങിനിടെ ഷിയാ പ്രതീകമുള്ള ചുവന്ന പതാകയേന്തി മുദ്രാവാക്യങ്ങൾ വിളിക്കുന്ന ഹിങ്കിളിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഹിങ്കിളിനൊപ്പം അമേരിക്കയിൽ നിന്നുള്ള ക്രിസ്റ്റഫർ ഹെലാലി, മാക്‌സ് ബ്ലൂമെൻതാൽ, കാല വാൽഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സംഭവത്തിന് പിന്നാലെ ഹിങ്കിളിനെതിരെ അമേരിക്കയിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഹിങ്കിളിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നടപടി സ്വീകരിക്കണമെന്ന് യാഥാസ്ഥിതിക രാഷ്ട്രീയ നിരീക്ഷകരായ ലോറ ലൂമറും ട്രംപ് ഭരണകൂടത്തിലെ മുൻ ഉദ്യോഗസ്ഥൻ സെബാസ്റ്റ്യൻ ഗോർകയും ആവശ്യപ്പെട്ടു.
'മാഗാ കമ്മ്യൂണിസം' എന്ന ആശയം പ്രചരിപ്പിക്കുന്ന വ്യക്തിയായാണ് ജാക്‌സൺ ഹിങ്കിൾ അറിയപ്പെടുന്നത്. ഡോണൾഡ് ട്രംപിന്റെ 'മേക്ക് അമേരിക്ക ഗ്രേറ്റ് അഗെയ്ൻ' (MAGA) പ്രസ്ഥാനത്തിന്റെ ദേശീയവാദ നിലപാടുകളും മാർക്‌സിസ്റ്റ്‌ലെനിനിസ്റ്റ് ആശയങ്ങളും ചേർത്തുള്ള രാഷ്ട്രീയ സമീപനമാണ് അദ്ദേഹം മന്നോട്ടുവയ്ക്കുന്നത്. അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി (ACP) എന്ന സംഘടനയിലൂടെ മുതലാളിത്തത്തിനെതിരെ തൊഴിലാളിവർഗത്തെ ഏകോപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ഇറാൻ സന്ദർശനത്തിനിടെ ഖമനെയിയെ 'സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായ മഹാനായ നേതാവ്' എന്നാണ് ഹിങ്കിൾ വിശേഷിപ്പിച്ചത്. അമേരിക്കയുടെ ഇറാൻ നയത്തെ എതിർക്കുന്ന നിരവധി അമേരിക്കക്കാർ ഇറാനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ, ചൈന, ഉത്തരകൊറിയ, ഇറാൻ, ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ശക്തികളെ അമേരിക്കൻ ആധിപത്യത്തിനെതിരായ ബഹുസ്വര ലോകക്രമത്തിന്റെ ഭാഗമായാണ് ഹിങ്കിൾ വിശേഷിപ്പിക്കുന്നത്. ആഗോള ധനകാര്യ സ്ഥാപനങ്ങളെയും ബഹുരാഷ്ട്ര കോർപ്പറേറ്റുകളെയും അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ട്.
പരിസ്ഥിതി പ്രവർത്തകനെന്ന നിലയിൽ പൊതുരംഗത്തെത്തിയ ഹിങ്കിൾ പിന്നീട് സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് യൂട്യൂബിലും ട്വിച്ചിലും അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ വിലക്കിയിരുന്നെങ്കിലും പിന്നീട് യൂട്യൂബ് അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെട്ടു.
ഖമനെയിയുടെ ശവസംസ്‌കാരച്ചടങ്ങിൽ 'ഡൗൺ വിത്ത് യു.എസ്.എ' മുദ്രാവാക്യം; അമേരിക്കൻ രാഷ്ട്രീയ ഇൻഫ്‌ളുവൻസർ ജാക്‌സൺ ഹിങ്കിൾ വിവാദത്തിൽ
