മെൽബൺ: സാംസ്‌കാരിക സഹകരണത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെ ദേശീയ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരുന്ന തമിഴ്‌നാട്ടിലെ മൂന്ന് അപൂർവ പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരികെ കൈമാറാൻ ഓസ്‌ട്രേലിയ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓസ്‌ട്രേലിയ സന്ദർശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.
തിരികെ ലഭിക്കുന്ന പുരാവസ്തുക്കളിൽ തിരുവാരൂർ ജില്ലയിലെ കൊല്ലുമാങ്കുടി ശ്രീ കാശി വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ഭദ്രകാളിയുടെ രൂപമുള്ള ലോഹ ത്രിശൂലവും ചോളകാല ശൈലിയിലുള്ള കൽനന്തി പ്രതിമയും ഉൾപ്പെടുന്നു. തഞ്ചാവൂർ ജില്ലയിലെ മണമ്പാടിയിലെ നാഗനാഥസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ആറ് മുഖങ്ങളുള്ള കാർത്തികേയ പ്രതിമയും ഇന്ത്യയ്ക്ക് കൈമാറും.
13ാം മുതൽ 16ാം നൂറ്റാണ്ട് വരെയുള്ള ചോള-വിജയനഗര-നായക കാലഘട്ടത്തിൽ നിർമിച്ചതായി കരുതുന്ന ഭദ്രകാളിയുടെ ത്രിശൂലം ശൈവശാക്തേയ പാരമ്പര്യത്തിലെ പ്രധാന ആരാധനാ ചിഹ്നമാണ്. ശിവന്റെ വാഹനം കൂടിയായ നന്തിയുടെ പ്രതിമ തമിഴ് ശൈവ ശിൽപകലയുടെ മികച്ച മാതൃകയുമാണ്.
രാജേന്ദ്ര ചോളന്റെ ഭരണകാലത്ത്, 11ാം നൂറ്റാണ്ടിൽ നിർമിച്ചതായി വിലയിരുത്തുന്ന കാർത്തികേയ പ്രതിമ ചോള ശിൽപകലയുടെ മികവ് പ്രകടമാക്കുന്നതാണ്. ആറുമുഖങ്ങളും രണ്ടിലധികം കൈകളുമുള്ള പ്രതിമയിൽ മയിലിനൊപ്പമാണ് കാർത്തികേയനെ ചിത്രീകരിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പുരാവസ്തുക്കൾ തിരികെ നൽകുന്ന തീരുമാനം പ്രഖ്യാപിച്ചു. ചരിത്രപരമായ പൈതൃകങ്ങളെ അവയുടെ യഥാർഥ ഉടമകൾക്ക് തിരിച്ചുനൽകാനുള്ള ഓസ്‌ട്രേലിയയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് പ്രത്യുപകാരമായി ചെന്നൈ സർക്കാർ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഓസ്‌ട്രേലിയയിലെ ഫസ്റ്റ് നേഷൻസ് വിഭാഗത്തിൽപ്പെട്ട ഒരു പൂർവികന്റെ ഭൗതികാവശിഷ്ടം ഇന്ത്യ യാതൊരു ഉപാധിയും കൂടാതെ ഓസ്‌ട്രേലിയയ്ക്ക് കൈമാറാനും തീരുമാനിച്ചു. ഈ നടപടി ചരിത്രപരമായ നീതിയും അനുരഞ്ജനവും ശക്തിപ്പെടുത്തുന്നതാണെന്ന് അൽബനീസ് വ്യക്തമാക്കി.
കൊളോണിയൽ കാലത്ത് വിദേശങ്ങളിലെത്തിയ സാംസ്‌കാരിക പൈതൃക വസ്തുക്കൾ അവയുടെ മാതൃരാജ്യങ്ങൾക്ക് തിരിച്ചുനൽകണമെന്ന ആഗോള ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇന്ത്യ-ഓസ്‌ട്രേലിയ തമ്മിലുള്ള ഈ പുരാവസ്തു കൈമാറ്റം ശ്രദ്ധേയമാകുന്നത്.
ചോളകാല നന്തിയും ഭദ്രകാളിയുടെ ത്രിശൂലവും ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു
