ന്യൂഡൽഹി : പ്രമേഹ ചികിത്സയിൽ പുതിയ വഴിത്തിരിവായി ലോകത്തിലെ ആദ്യത്തെ ആഴ്ചയിൽ ഒരിക്കൽ മാത്രം കുത്തിവെക്കുന്ന ബേസൽ ഇൻസുലിൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 'അവിക്ലി' (Awiqli) എന്ന പേരിലുള്ള ഈ മരുന്ന് ഡെൻമാർക്ക് ആസ്ഥാനമായ നോവോ നോർഡിസ്‌കാണ് വിപണിയിലെത്തിച്ചത്. പ്രായപൂർത്തിയായ പ്രമേഹരോഗികൾക്ക് ദിവസേന ഇൻസുലിൻ എടുക്കുന്നതിനുപകരം ആഴ്ചയിൽ ഒരിക്കൽ മാത്രം കുത്തിവെച്ചാൽ മതിയെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇന്ത്യയിൽ 10 കോടിയിലധികം പേർ പ്രമേഹബാധിതരാണെന്നും 13.6 കോടിയോളം പേർ പ്രീഡയബറ്റിക് വിഭാഗത്തിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ മരുന്നിന്റെ അവതരണം.
ഇൻസുലിൻ കുത്തിവയ്പ്പ് 365ൽ നിന്ന് 52 ആയി
ഇൻസുലിൻ ഐകോഡെക് (Insulin Icodec) എന്ന ഘടകം അടങ്ങിയ അവിക്ലി ഉപയോഗിക്കുന്നതിലൂടെ വർഷത്തിൽ 365 കുത്തിവയ്പ്പുകൾക്ക് പകരം 52 കുത്തിവയ്പ്പുകൾ മാത്രം മതിയാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിലവിലുള്ള ദിവസേനയുള്ള ബേസൽ ഇൻസുലിനുകൾക്ക് തുല്യമോ അതിലേറെയോ ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വയറിലോ തുടയിലോ മേൽക്കൈയിലോ ചർമത്തിനടിയിലാണ് മരുന്ന് കുത്തിവെക്കുന്നത്. രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച് ഡോക്ടർ ഡോസ് നിശ്ചയിക്കും. ടൈപ്പ ്-1 പ്രമേഹരോഗികൾ ഭക്ഷണസമയത്തെ ഹ്രസ്വകാല ഇൻസുലിനോടൊപ്പം ഇത് ഉപയോഗിക്കണം. ടൈപ്പ്-2 പ്രമേഹരോഗികൾക്ക് മറ്റ് പ്രമേഹമരുന്നുകൾക്കൊപ്പമോ ഒറ്റയ്‌ക്കോ ഉപയോഗിക്കാം.
വിലയും ചെലവും
700 യൂണിറ്റ് ശേഷിയുള്ള 1 മില്ലി ഫ്‌ളെക്‌സ്ടച്ച് പേനയുടെ വില 2,611 രൂപയാണ്. ഒരു യൂണിറ്റിന് 3.73 രൂപ എന്ന നിരക്കാണിത്. നിലവിലുള്ള ദിവസേനയുള്ള ബേസൽ ഇൻസുലിനുകളെ അപേക്ഷിച്ച് യൂണിറ്റിന് 30 മുതൽ 40 ശതമാനം വരെ ചെലവ് കുറവാണെന്നാണ് കമ്പനി പറയുന്നത്.
സാധാരണ ഒരു രോഗിക്ക് ദിവസേന 10 യൂണിറ്റ് ഇൻസുലിൻ ആവശ്യമായാൽ, ആഴ്ചയിൽ 70 യൂണിറ്റ് ഒരൊറ്റ കുത്തിവയ്പ്പിലൂടെ നൽകാനാകും. ഇതിന് ഏകദേശം 261 രൂപയാണ് പ്രതിവാര ചെലവ്. 2,100 യൂണിറ്റ് ശേഷിയുള്ള 3 മില്ലി ഫ്‌ളെക്‌സ്ടച്ച് പേനയുടെ വില 7,833 രൂപയാണ്.
ഇൻസുലിൻ കുത്തിവയ്പ്പിനോടുള്ള ഭയം, ചികിത്സയുടെ സങ്കീർണത എന്നിവ കാരണം ഇന്ത്യയിൽ പലരും വർഷങ്ങളോളം ഇൻസുലിൻ ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യത്തിൽ, പുതിയ മരുന്ന് കൂടുതൽ രോഗികളെ ചികിത്സയിലേക്ക് ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യരംഗം.
പ്രമേഹ ചികിത്സയിൽ പുതിയ നാഴികക്കല്ല്; ആഴ്ചയിൽ ഒരിക്കൽ മാത്രം കുത്തിവെക്കുന്ന ഇൻസുലിൻ ഇന്ത്യയിൽ
