പിഎസ്‍സി പരീക്ഷ ക്രമക്കേട്: എസ്ഐടി രൂപീകരിച്ചു, ഐജി അജിത ബീഗം നയിക്കും

പിഎസ്‍സി പരീക്ഷ ക്രമക്കേട്: എസ്ഐടി രൂപീകരിച്ചു, ഐജി അജിത ബീഗം നയിക്കും


തിരുവനന്തപുരം: പിഎസ്‌‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. ഐജി അജിത ബീഗം എസ്ഐടിയെ നയിക്കും. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോൾ സമർപ്പിക്കണമെന്നും ഡിജിപിയുടെ ഉത്തരവിൽ നിർദ്ദേശമുണ്ട്.

ആസൂത്രണ ബോര്‍ഡിലെ നിയമനത്തിനുള്ള പരീക്ഷയിൽ ക്രമക്കേടെന്ന് പരാതിയിൽ ഒരേസമയം രണ്ട് അന്വേഷണമാണ് നടക്കുന്നത്. ക്രൈംബ്രാഞ്ചിനൊപ്പം പിഎസ്‍സി ആഭ്യന്തര വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. പിഎസ്‍സി നിയോഗിച്ചതിനുസരിച്ച് അഭ്യന്തര വിജിലൻസ് എസ്പി അന്വേഷണം തുടങ്ങിയിരുന്നു. ഇതിനൊപ്പമാണ് മന്ത്രിസഭാ തീരുമാന പ്രകാരം ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങുന്നത്. പിഎസ്‍സി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ആരോപണങ്ങളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക. 

അതേസമയം ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയിലേയ്ക്ക് പരീക്ഷ മൂല്യനിര്‍ണയ ക്രമക്കേടിനെതിരായ പരാതികളിൽ അന്വേഷണ അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നൽകിയിരുന്നുവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ആസൂത്രണ ബോര്‍ഡ് നിയമനത്തിലെ പരാതിയിൽ ഊന്നിയാകും ക്രൈംബ്രാഞ്ച് അന്വേഷണം. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷമേ ക്രൈംബ്രാഞ്ച് കേസെടുക്കു. ഫയലുകള്‍ ആവശ്യപ്പെട്ട് പിഎസ്‍സിക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകും. 

എന്നാൽ ഫയലുകള്‍ നൽകണോയെന്നതിൽ പിഎസ്‍സി നിയമോപദേശം തേടുമെന്നാണ് സൂചന. കമ്മീഷൻ യോഗം ചേര്‍ന്നേ ഫയൽ നൽകുന്നതിൽ തീരുമാനമെടുക്കു. അഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തുന്ന കാര്യവും പിഎസ്‍സിക്ക് പറയാനാകും. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി നൽകിയ ആളുടെ മൊഴി ഇന്നലെ പിഎസ്‍സി വിജിലൻസ് എസ്പിയുടെ ഓഫീസിൽ എടുത്തിരുന്നു. മൂല്യനിർണയത്തിലും അഭിമുഖത്തിലും അട്ടിമറി ഉണ്ടായതായി സംശയിക്കുന്നതായും രേഖകൾ മുഴുവൻ പിഎസ്‍സി നൽകിയില്ലെന്നും പരാതിക്കാരൻ മൊഴി നൽകി. കൂടുതൽ പരാതിക്കാരുടെയും, പരീക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും മൊഴി വരും ദിവസം രേഖപ്പെടുത്തും.