അങ്കാറ: നേറ്റോ ഉച്ചകോടിക്കശേഷം തുർക്കിയിൽ നിന്ന് മടങ്ങുമ്പോൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖത്തർ സമ്മാനിച്ച പുതിയ എയർഫോഴ്‌സ് വൺ ഉപയോഗിക്കാതെ പഴയ പ്രസിഡൻഷ്യൽ വിമാനം തിരഞ്ഞെടുത്തതായി എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഖത്തർ സമ്മാനിച്ച നവീകരിച്ച ബോയിങ് വിമാനം ട്രംപ് ഇല്ലാതെ തന്നെ തുർക്കിയിൽ നിന്ന് ഇംഗ്ലണ്ടിലെ മിൽഡൻഹാൾ എയർഫോഴ്‌സ് ബേസിലേക്ക് പറന്നിരുന്നു. സൈനിക ഉദ്യോഗസ്ഥർക്ക് വിമാനം പരിശോധിക്കാനാണ് അത് അയച്ചതെന്നും സുരക്ഷാ ആശങ്കയുമായി ഇതിന് ബന്ധമില്ലെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണം.
അതേസമയം, യാത്രാപദ്ധതിയിലെ മാറ്റത്തിന് പിന്നിൽ സുരക്ഷാ കാരണമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'ഇറാന്റെ ലക്ഷ്യപട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഞാനാണ്' എന്നായിരുന്നു ട്രംപിന്റെ മറുപടി.
എന്നാൽ, പ്രത്യേക ഭീഷണിയല്ല, പുതിയ വിമാനത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് പഴയ എയർഫോഴ്‌സ് വൺ ഉപയോഗിക്കാൻ കാരണമായതെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.
തുർക്കിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് പഴയ എയർഫോഴ്‌സ് വണ്ണിൽ യാത്ര ചെയ്യുന്നതിനിടെ വിമാനത്തിലെ ജനൽച്ചില്ലുകൾ തുറന്നുവയ്ക്കാൻ യാത്രക്കാർക്ക് നിർദേശം നൽകിയതായും വിമാനത്തിന്റെ ട്രാക്കിങ് സംവിധാനം കരിങ്കടലിന് മുകളിലെത്തുംവരെ പ്രവർത്തനരഹിതമാക്കിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
36 വർഷമായി അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായി സേവനമനുഷ്ഠിക്കുന്ന പഴയ ബോയിങ് വിമാനങ്ങൾക്ക് പകരമായാണ് ഖത്തർ സമ്മാനിച്ച നവീകരിച്ച വിമാനം ഉപയോഗിക്കാൻ തീരുമാനിച്ചത്. പുതിയ പ്രസിഡൻഷ്യൽ വിമാനങ്ങളുടെ വിതരണം വൈകിയ സാഹചര്യത്തിലായിരുന്നു ഇത്.
എന്നാൽ, അത്യാധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും നിലവിലെ എയർഫോഴ്‌സ് വണ്ണിലുള്ള ചില മിസൈൽ മുന്നറിയിപ്പ്, പ്രതിരോധ സംവിധാനങ്ങൾ പുതിയ വിമാനത്തിൽ പൂർണമായി ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സുരക്ഷ, സുരക്ഷിത ആശയവിനിമയം, വിമാനത്തിന്റെ പ്രവർത്തനം എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് വിമാനത്തിന്റെ നവീകരണം നടത്തിയതെന്ന് യു.എസ് വ്യോമസേന അറിയിച്ചു.
സുരക്ഷാ ആശങ്കയിൽ ഖത്തർ സമ്മാനിച്ച വിമാനം ഒഴിവാക്കി; തുർക്കിയിൽ നിന്ന് പഴയ എയർഫോഴ്‌സ് വണ്ണിൽ മടങ്ങി ട്രംപ്
