ന്യൂയോര്‍ക്ക്: സംഘര്‍ഷ മേഖലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും പീഡനത്തിന്റെയും രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെയും ആയുധമായി ഉപയോഗിക്കപ്പെടുകയാണെന്ന് ഇന്ത്യ. ഇത്തരം ക്രൂരകൃത്യങ്ങളെ ശക്തമായി അപലപിക്കുന്നതായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലെ ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ്, യു എന്‍ സെക്രട്ടറി ജനറലിന്റെ പുതിയ റിപ്പോര്‍ട്ട് ഉദ്ധരിച്ച്, 2025-ല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങളുടെ സ്ഥിരീകരിച്ച കേസുകളില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിച്ച ശേഷവും ഇത്തരം അതിക്രമങ്ങള്‍ ഇരകളില്‍ ശാരീരികവും മാനസികവുമായി ദീര്‍ഘകാല മുറിവുകള്‍ സൃഷ്ടിക്കുന്നതിനാല്‍ അംഗരാജ്യങ്ങള്‍ ഒന്നിച്ചുള്ള നടപടി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്ന സാഹചര്യം തുടരുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതില്‍ വനിതാ സമാധാന സേനാംഗങ്ങളുടെ പങ്ക് നിര്‍ണായകമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 2007-ല്‍ ലൈബീരിയയിലേക്ക് ഇന്ത്യ വിന്യസിച്ച ലോകത്തിലെ ആദ്യ സമ്പൂര്‍ണ വനിതാ പൊലീസ് യൂണിറ്റ് കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും ലൈംഗിക- ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ തടയുന്നതിനും ജനങ്ങളില്‍ സുരക്ഷാബോധവും ആത്മവിശ്വാസവും പുനഃസ്ഥാപിക്കുന്നതിനും നിര്‍ണായക പങ്കുവഹിച്ചതായി പി ഹരീഷ് പറഞ്ഞു. ഇത് പ്രതീകാത്മക നടപടിയല്ല, പ്രായോഗിക ഫലങ്ങള്‍ നല്‍കുന്ന ഇടപെടലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സമാധാന സേനാംഗങ്ങളായ മേജര്‍ മൊയിസ് യാസീനും മേജര്‍ സോണിയ ദേവേന്ദ്ര നെവാസ്‌കറും 2026-ലെ യു എന്‍ സെക്രട്ടറി ജനറലിന്റെ മിലിട്ടറി ജെന്‍ഡര്‍ അഡ്വക്കേറ്റ് ഓഫ് ദ ഇയര്‍ റെക്കഗ്‌നിഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പി ഹരീഷ് അറിയിച്ചു.
ദക്ഷിണ സുഡാനിലെ യു എന്‍ ദൗത്യത്തില്‍ ഫോഴ്സ് ഒംബുഡ്‌സ്‌പേഴ്‌സണായും വെല്‍ഫെയര്‍ ഓഫീസറായും സേവനമനുഷ്ഠിക്കുന്ന മേജര്‍ മൊയിസ് യാസീന്‍, ഇരകള്‍ക്ക് സുരക്ഷിതവും രഹസ്യസ്വഭാവമുള്ളതുമായ പരാതി സംവിധാനമൊരുക്കുകയും 40-ലേറെ പ്രത്യേക പരിശീലന സെഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. മേജര്‍ സോണിയ ദേവേന്ദ്ര നെവാസ്‌കര്‍ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള രഹസ്യാന്വേഷണ, ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്കും ആതിഥേയ രാജ്യത്തെ അധികൃതരുമായി ലിംഗസമത്വ വിഷയങ്ങളില്‍ ഏകോപനം ശക്തിപ്പെടുത്തുന്നതിനും നേതൃത്വം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
സംഘര്‍ഷ മേഖലകളില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഇപ്പോഴും വീഴ്ച തുടരുന്നതായും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നിലപാട്.
