വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പേര് നല്‍കുന്ന നടപടികള്‍ വ്യാപകമാകുന്നു. ഇതിന്റെ ഭാഗമായി ഫ്േളാറിഡയിലെ പാം ബീച്ച് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ പേര് 'ട്രംപ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' എന്ന് ഔദ്യോഗികമായി മാറ്റി.
ഫ്േളാറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് മാര്‍ച്ചില്‍ ഒപ്പുവെച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പേര് മാറ്റം നടപ്പാക്കിയത്. പുതിയ പേര് പ്രാബല്യത്തില്‍ വന്നു. വിമാനത്താവളത്തിന്റെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ തിരിച്ചറിയല്‍ കോഡും പി ബി ഐയില്‍ നിന്ന് ട്രംപിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളായ ഡി ജെടി എന്നാക്കി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ പിന്തുണയുള്ള വിവിധ പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പേര് നല്‍കുന്ന നടപടികളുടെ ഭാഗമായാണ് വിമാനത്താവളത്തിന്റെ പേരുമാറ്റം.
അമേരിക്കന്‍ നാവികസേനയുടെ പുതിയ യുദ്ധക്കപ്പല്‍ വിഭാഗം, സമ്പന്നരായ വിദേശ നിക്ഷേപകര്‍ക്കായി നിര്‍ദേശിച്ച വിസ പദ്ധതി, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മരുന്ന് വിവര വെബ്‌സൈറ്റ്, കുട്ടികള്‍ക്കായുള്ള ഫെഡറല്‍ സമ്പാദ്യ അക്കൗണ്ട് പദ്ധതി എന്നിവയ്ക്കും ട്രംപിന്റെ പേര് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വാഷിങ്ടണിലെ ചില പ്രമുഖ സ്ഥാപനങ്ങളുടെ പേരിലും മാറ്റം വരുത്താന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് കെട്ടിടത്തില്‍ ട്രംപിന്റെ പേര് ചേര്‍ത്തെങ്കിലും ജോണ്‍ എഫ് കെന്നഡി സെന്റര്‍ ഫോര്‍ ദ പെര്‍ഫോമിംഗ് ആര്‍ട്‌സിന് ട്രംപിന്റെ പേര് നല്‍കാനുള്ള നിര്‍ദേശം കോടതി തള്ളുകയായിരുന്നു.
ഫ്േളാറിഡയിലെ പാം ബീച്ചുമായി ട്രംപിനുള്ള ദീര്‍ഘകാല ബന്ധത്തിന്റെ പ്രതീകമായാണ് വിമാനത്താവളത്തിന്റെ പേരുമാറ്റം വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള മര്‍-എ-ലാഗോ റിസോര്‍ട്ട് പാം ബീച്ചിലാണ് സ്ഥിതിചെയ്യുന്നത്. പുതിയ പേരില്‍ പ്രവര്‍ത്തനം തുടങ്ങിയ വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയ സ്വകാര്യവിമാനത്തില്‍ ട്രംപിന്റെ മകന്‍ എറിക് ട്രംപും കുടുംബവും ഉണ്ടായിരുന്നു. പാം ബീച്ചുമായി ഡൊണള്‍ഡ് ട്രംപിനേക്കാള്‍ കൂടുതല്‍ ബന്ധപ്പെട്ട മറ്റാരുമില്ലെന്ന് എറിക് ട്രംപ് പ്രതികരിച്ചു.
