പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 295 റണ്‍സിന്റെ മികച്ച വിജയം. 533 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 238 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യന്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ ടീമിലെ ഏക സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് നേടി. അരങ്ങേറ്റക്കാരായ ഹര്‍ഷിത് റാണയും നിതീഷ് കുമാര്‍ റെഡ്ഡിയും ഓരോ വിക്കറ്റും നേടി.
12ന് 3 എന്ന നിലയില്‍ പരാജയത്തെ മുന്നില്‍ കണ്ടാണ് ഓസ്‌ട്രേലിയ നാലാം ദിവസം ബാറ്റിങ്ങിനിറങ്ങിയത്. ട്രാവിസ് ഹെഡിന്റേയും (89) മിച്ചല്‍ മാര്‍ഷിന്റെയും (47) ചെറുത്തുനില്‍പ്പിന് അനിവാര്യമായ പരാജയം പരമാവധി നീട്ടിയെടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.
രാവിലെ ഉസ്മാന്‍ ഖവാജയെയും (4) സ്റ്റീവന്‍ സ്മിത്തിനെയും (17) കൂടി നഷ്ടമായ ഓസ്‌ട്രേലിയ 79ന് 5 എന്ന നിലയിലായിരുന്നു. അവിടെ ഒരുമിച്ച ഹെഡ്ഡും മാര്‍ഷും ചേര്‍ന്ന് സ്‌കോര്‍ 161 വരെയെത്തിച്ചു. ഹെഡ്ഡിനെ ബുംറ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഗ്ലൗസിലെത്തിച്ചതോടെ ഈ കൂട്ടുകെട്ട് പൊളിയുകയായിരുന്നു.
മാര്‍ഷിനെ ക്ലീന്‍ ബൗള്‍ ചെയ്ത നിതീഷ് റെഡ്ഡി തന്റെ കന്നി ടെസ്റ്റ് വിക്കറ്റും നേടിയതോടെ ഓസ്‌ട്രേലിയക്ക് അവശേഷിച്ച സമനില പ്രതീക്ഷയും അവസാനിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിനെയും (12) നേഥന്‍ ലിയോണിനെയും (0) ഒരേ ഓവറില്‍ മടക്കിയയച്ച വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു. അലക്‌സ് കാരിയെ (36) ക്ലീന്‍ ബൗള്‍ ചെയ്ത റാണ ആ ചടങ്ങ് പൂര്‍ത്തിയാക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിന് പുറത്തായ ശേഷം എതിരാളികളെ 104 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ ആവേശകരമായ തിരിച്ചുവരവ് നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാളിന്റേയും വിരാട് കോലിയുടെയും സെഞ്ച്വറികളുടെ ബലത്തില്‍ ഇന്ത്യ 487ന് 6 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡിനോട് 0-3 നു പരാജയപ്പെട്ടതോടെ കടുത്ത ആരാധകര്‍ പോലും എഴുതിത്തള്ളിയിടത്തുനിന്നാണ് ലോകത്തെ ഏറ്റവും വേഗമേറിയ വിക്കറ്റുകളിലൊന്നില്‍ ഇന്ത്യ ജയം കുറിച്ചത്. മത്സരത്തിലാകെ എട്ട് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
150 റണ്‍സിലോ അതില്‍ താഴെയോ ആദ്യ ഇന്നിങ്‌സ് അവസാനിച്ച ശേഷം ഒരു ടീം നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന റണ്‍സ് മാര്‍ജിനിലുള്ള വിജയമാണ് ഇന്ത്യ ഇപ്പോള്‍ നേടിയ 295 റണ്‍സ് ജയം. 1991ല്‍ വെസ്റ്റിന്‍ഡീസ് 149 റണ്‍സിന് ഓള്‍ഔട്ടായ ശേഷം ഓസ്‌ട്രേലിയയെ 343 റണ്‍സിനു തോല്‍പ്പിച്ചിട്ടുണ്ട്.
40 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയ സ്വന്തം നാട്ടില്‍ പരാജയപ്പെടുന്ന രണ്ടാമത്തെ വലിയ റണ്‍ മാര്‍ജിനാണ് 295 റണ്‍സ്. 2012ല്‍ ദക്ഷിണാഫ്രിക്കയോട് 309 റണ്‍സിനു പരാജയപ്പെട്ടിരുന്നു
ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍ മാര്‍ജിനിലുള്ള പരാജയവുമാണിത്. 2008ലെ മൊഹാലി ടെസ്റ്റില്‍ 320 റണ്‍സിന് തോറ്റിട്ടുണ്ട്.
എവേ ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ റണ്‍ വിജയ മാര്‍ജിനാണിത്. 2019ല്‍ വെസ്റ്റിന്‍ഡീസിനെ 318 റണ്‍സിനും 2017ല്‍ ശ്രീലങ്കയെ 304 റണ്‍സിനും തോല്‍പ്പിച്ചിട്ടുണ്ട്.