സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തെക്കന്‍ ഭാഗത്തെ ആഡംബര സ്‌കി റിസോര്‍ട്ടായ ക്രാന്‍സ്-മൊണ്ടാനയില്‍ പുതുവത്സരാഘോഷത്തിനിടെ ബാറില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 40 ആണെന്ന് പൊലീസ്. ദാരുണമായ സംഭവത്തില്‍ 115 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെ 'ലെ കോണ്‍സ്റ്റലേഷന്‍' എന്ന ബാറിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ആക്രമണ സാധ്യത പൂര്‍ണമായും തള്ളിക്കളഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
സംഭവസ്ഥലത്തേക്ക് 13 ഹെലികോപ്റ്ററുകളും 42 ആംബുലന്‍സുകളും ഉള്‍പ്പെടെ 150ലേറെ അടിയന്തരസേനാംഗങ്ങളെ നിയോഗിച്ചു. ഗുരുതരമായി പൊള്ളലേറ്റ 60 പേരെ വാലൈസ് കാന്റണിലെ സിയോണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയു പൂര്‍ണമായും നിറഞ്ഞതോടെ പരുക്കേറ്റ ചിലരെ ലോസാന്‍, സൂറിച്, ജിനീവ എന്നിവിടങ്ങളിലെ പ്രത്യേക ബേണ്‍സ് യൂണിറ്റുകളുള്ള ആശുപത്രികളിലേക്ക് മാറ്റി. 15 മുതല്‍ 25 വരെ പ്രായമുള്ള യുവാക്കളടക്കം നിരവധി പേര്‍ക്ക് മൂന്നാംഘട്ട പൊള്ളലുകളാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ തീവ്രത മൂലം വിഷപ്പുക ശ്വസിച്ചതിനാല്‍ ഉള്‍പ്പൊള്ളലുകളും ഉണ്ടായതായി ചികിത്സകര്‍ വ്യക്തമാക്കി.
ന്യൂ ഇയര്‍ പാര്‍ട്ടിക്കായി യുവജനങ്ങള്‍ കൂടുതലായി എത്തിയിരുന്ന ബാറിനുള്ളില്‍ 'ഫ്‌ലാഷ് ഓവര്‍' എന്നറിയപ്പെടുന്ന പ്രതിഭാസം ഉണ്ടായതാകാമെന്ന് അഗ്‌നിശമന വിദഗ്ധര്‍ സംശയിക്കുന്നു. കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ മുറിയും തീപിടിച്ച നിലയിലായതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. സംഭവസമയത്ത് ബാറിനുള്ളില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല.
ഇറ്റലി, ഫ്രാന്‍സ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 16 ഇറ്റാലിയന്‍ പൗരന്മാര്‍ കാണാതായതായും 12 മുതല്‍ 15 വരെ പേര്‍ ചികിത്സയില്‍ കഴിയുന്നതായും ഇറ്റലി അറിയിച്ചു. ഫ്രഞ്ച് പൗരന്മാരും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് ഫ്രാന്‍സ് സ്ഥിരീകരിച്ചു. മരിച്ചവരുടെ തിരിച്ചറിയല്‍ നടപടികള്‍ക്ക് ആഴ്ചകള്‍ വേണ്ടിവരുമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ പറഞ്ഞു.
തീപിടിത്തത്തിന്റെ സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷണം ആരംഭിച്ചതായി അറ്റോര്‍ണി ജനറല്‍ ബിയാട്രിസ് പില്ലൂദ് അറിയിച്ചു. തീപിടിത്തത്തിന് കാരണം ഫ്‌ലെയര്‍ ഘടിപ്പിച്ച ഷാംപെയ്ന്‍ ബോട്ടിലുകളാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളടക്കം നിരവധി സിദ്ധാന്തങ്ങള്‍ പരിശോധിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിതെന്ന് സ്വിസ് പ്രസിഡന്റ് ഗൈ പാര്‍മെലിന്‍ പറഞ്ഞു. മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് പ്രദേശവാസികള്‍ പള്ളിയില്‍ അനുസ്മരണ സമ്മേളനം നടത്തി. കുടുംബങ്ങള്‍ക്ക് സഹായത്തിനായി ഹെല്‍പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും വിവിധ രാജ്യങ്ങളും സ്വിസ് അധികൃതര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിനും ചികിത്സയ്ക്കുമായി കൈകോര്‍ത്തിരിക്കുകയാണ്.
സ്വിസ് സ്‌കി റിസോര്‍ട്ടില്‍ പുതുവത്സരാഘോഷത്തിനിടെ തീപിടിത്തം; മരണം 40 ആയി, 100ലേറെ പേര്‍ക്ക് ഗുരുതര പരുക്ക്
