ന്യൂയോര്‍ക്കിന്റെ ചെലവേറിയ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുക മംദാനിയുടെ മുമ്പിലെ വെല്ലുവിളി

ന്യൂയോര്‍ക്കിന്റെ ചെലവേറിയ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുക മംദാനിയുടെ മുമ്പിലെ വെല്ലുവിളി


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു സാധാരണ കുടുംബം അവരുടെ വരുമാനത്തിന്റെ പകുതിയിലധികവും ചെലവഴിക്കുന്നത് വീട് വാടകയ്ക്കാണ്. പ്രതിദിനം ഏകദേശം ഒരു ലക്ഷം പേരാണ് നഗരത്തിലെ അഭയകേന്ദ്രങ്ങളില്‍ രാത്രി കഴിച്ചുകൂട്ടുന്നത്.

മാന്‍ഹാട്ടന്‍ ബറോ പ്രസിഡന്റ് മാര്‍ക്ക് ലെവിന്‍ ഡിസംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഇതാണ് പൂര്‍ണമായും നിയന്ത്രണം വിട്ട ചെലവുകൂടിയ ജീവിത പ്രതിസന്ധിയെന്നാണ്.  മാന്‍ഹാട്ടനിലെ മധ്യസ്ഥ വാടക മാസം 5,400 ഡോളര്‍ കടന്നിട്ടുണ്ട്.

നഗരത്തിലെ ജീവിതച്ചെലവിന്റെ പ്രതിസന്ധി ഭക്ഷണം, ശിശുസംരക്ഷണം എന്നിവയുള്‍പ്പെടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. നഗരജനസംഖ്യയുടെ 15 ശതമാനമായ 14 ലക്ഷം പേര്‍ക്ക് മതിയായ ഭക്ഷണം ലഭ്യമല്ല. യു എസ് സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രണ്ട് വയസ്സുള്ള ഒരു കുഞ്ഞിന്റെ ശിശുസംരക്ഷണച്ചെലവ് വഹിക്കാന്‍ ഒരു കുടുംബം വര്‍ഷം 3,34,000 ഡോളര്‍ സമ്പാദിക്കേണ്ടതുണ്ട്.

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ഒന്നായ ന്യൂയോര്‍ക്കില്‍ ജീവിതം എളുപ്പമാക്കുക എന്ന ദുഷ്‌കര ദൗത്യമാണ് നഗരത്തിന്റെ പുതിയ മേയര്‍ സോഹ്രാന്‍ മംദാനിക്ക് മുന്നിലുള്ളത്.

തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയ പ്രചാരണത്തിലൂടെയാണ് കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ന്യൂയോര്‍ക്ക് മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ നഗരസാമ്പത്തികം മന്ദഗതിയിലാകുകയും ഫെഡറല്‍ സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ പദ്ധതികളിലെ ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയും നഗരത്തിന്റെ ബജറ്റ് വിടവ് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്റെ പുരോഗമനപരമായ അജണ്ട നടപ്പാക്കുക എന്നത് അദ്ദേഹത്തിന് മുമ്പിലെ വലിയ വെല്ലുവിളിയാണ്.

ഇതിനകം തന്നെ ചെലവുകള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടുന്നുവെന്നാണ് സബ്‌സിഡിയുള്ള താമസ സ്ഥലങ്ങള്‍ നടത്തുന്ന നിരവധി ലാഭരഹിത സംഘടനകളും ഡെവലപ്പര്‍മാരും മംദാനിയുടെ വാടക നിയന്ത്രണവും വില കുറഞ്ഞ വീടുകളുടെ നിര്‍മ്മാണവും ഉറപ്പുനല്‍കിയ പദ്ധതികളോട് പ്രതികരിച്ചത്.  

ആറ് ആഴ്ച മുതല്‍ അഞ്ച് വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ ശിശുസംരക്ഷണവും നഗരസഭ നടത്തിക്കുന്ന ബസുകളില്‍ ടിക്കറ്റ് നിരക്ക് ഒഴിവാക്കുന്നതുമാണ് മംദാനിയുടെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.

എന്നാല്‍ ഇതിന് ആവശ്യമായ ധനസ്രോതസ്സുകള്‍ കണ്ടെത്താന്‍ നഗരത്തിലെ അതിസമ്പന്നരിലും  വലിയ കമ്പനികളിലും കൂടുതല്‍ നികുതി ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്.  ബസ് ശൃംഖല മുഴുവന്‍ സൗജന്യമാക്കാനും ടിക്കറ്റ് ഒഴിവാക്കിയാല്‍ എം ടി എയ്ക്ക് ഉണ്ടാകുന്ന ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ നഷ്ടം നികത്താനും ഗവര്‍ണര്‍ കാത്തി ഹോക്കല്‍ തയ്യാറല്ലെന്ന സൂചന ഇതിനകം നല്‍കിയിട്ടുണ്ട്. 

സമ്പന്നര്‍ക്കുള്ള ഉയര്‍ന്ന നികുതി, കൂടുതല്‍ താമസ സ്ഥല നിര്‍മ്മാണം തുടങ്ങിയ അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മംദാനിക്ക് തന്റെ ഗ്രാസ്റൂട്ട് പിന്തുണക്കാരെ സജ്ജമാക്കാനാകുമോ എന്നതിലാണ് അദ്ദേഹത്തിന്റെ വിജയം നിലകൊള്ളുന്നതെന്നാണ് കൊളംബിയ സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസറും 'ഫിയര്‍ സിറ്റി: ന്യൂയോര്‍ക്കിന്റെ ധനകാര്യ പ്രതിസന്ധിയും മിതവ്യയ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയും' എന്ന പുസ്തകത്തിന്റെ രചയിതാവുമായ കിം ഫിലിപ്‌സ്-ഫൈന്‍ പറയുന്നത്. 

നഗരവും സംസ്ഥാനവും ചേര്‍ന്ന് നിയമസഭയില്‍ തന്റെ അജണ്ട പാസാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ പിന്തുണക്കാര്‍ അടുത്തിടെ ഒരു ലാഭരഹിത സംഘടനയും ആരംഭിച്ചിട്ടുണ്ട്. 

ഒരു വര്‍ഷം മുമ്പ് മംദാനിയുടെ വിജയം അസാധ്യമെന്ന് പലരും കരുതിയിരുന്നുവെന്നും ശക്തമായ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് അത് സാധ്യമായതെന്നും പറഞ്ഞ ഫിലിപ്‌സ്- ഫൈന്‍ മേയറായുള്ള അദ്ദേഹത്തിന്റെ വിജയം രാഷ്ട്രീയ ശക്തികളുടെ ഏകോപനത്തിലും തുടര്‍ച്ചയായ സംഘടനാ പ്രവര്‍ത്തനത്തിലും ആശ്രയിച്ചിരിക്കുമെന്നും ചൂണ്ടിക്കാട്ടി. 

മംദാനി ജയിച്ചാല്‍ അതിസമ്പന്നര്‍ ന്യൂയോര്‍ക്ക് വിടുമെന്നും നഗരത്തിന് ധനകാര്യ തകര്‍ച്ച ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പിന് മുമ്പ്  എതിരാളികള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സമ്പന്നര്‍ നഗരത്തില്‍ നിന്ന് കൂട്ടത്തോടെ ഒഴിഞ്ഞുപോയിട്ടില്ലെന്നും 1970-കളിലെ ധനകാര്യ തകര്‍ച്ചയുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യം ചെയ്യുന്നത് അനാവശ്യമായ വിലയിരുത്തലാണെന്നും ഫിലിപ്‌സ്- ഫൈന്‍ വ്യക്തമാക്കി. അന്നത്തെ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് വ്യവസായ ജോലികളും നഷ്ടപ്പെടുകയും കടുത്ത മാന്ദ്യം അനുഭവിക്കേണ്ടി വരികയും ചെയ്തിരുന്നു.

ഇന്ന്, ചെലവുകൂടിയ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നഗരത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തമാണ്. തൊഴില്‍നിരക്കും തൊഴിലാളി പങ്കാളിത്തവും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നികുതി വരുമാനവും റെക്കോര്‍ഡ് ഉയരത്തിലാണ്. കോവിഡിന് ശേഷമുള്ള നഗര തകര്‍ച്ച ഭീതികള്‍ കുറഞ്ഞിട്ടുണ്ട്. 2025ന്റെ ആദ്യ പകുതിയില്‍ ഓഫീസ് ലീസ് കരാറുകള്‍ കോവിഡ് മുന്‍കാലത്തിന്റെ 97 ശതമാനത്തിലെത്തി.

അതേസമയം, മന്ദഗതിയുടെ സൂചനകളും വ്യക്തമാണ്. 2025ല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 78,000 ജോലികള്‍ കുറവായി മാത്രമേ സൃഷ്ടിക്കപ്പെടൂവെന്ന് ന്യൂയോര്‍ക്ക് സിറ്റി ഇന്‍ഡിപെന്‍ഡന്റ് ബജറ്റ് ഓഫിസിലെ സീനിയര്‍ ഗവേഷക സാറ പാര്‍ക്കര്‍ പറഞ്ഞു. പുതിയ ജോലികളുടെ ഭൂരിഭാഗവും കുറഞ്ഞ വേതനമുള്ള ഹോം ഹെല്‍ത്ത് മേഖലയിലാണ്.

2027ല്‍ 6.5 ബില്യണ്‍ ഡോളറിന്റെ ബജറ്റ് വിടവ് നഗരത്തെ കാത്തിരിക്കുകയാണ്. നിയമപരമായി അത് പൂരിപ്പിക്കേണ്ടതുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിലും വലിയ വിടവുകള്‍ പ്രതീക്ഷിക്കപ്പെടുന്നു. പുതിയ ഭരണകൂടം ഏറെ വെല്ലുവിളി നിറഞ്ഞ ധനകാര്യ സാഹചര്യമാണ് നേരിടുന്നതെന്ന് പാര്‍ക്കര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഭൂരിഭാഗം ആളുകള്‍ക്കും ഏറ്റവും വലിയ ചെലവ് താമസ സ്ഥലത്തിനാണ്. അതാണ് മംദാനിയുടെ വിജയത്തിനും പ്രധാന കാരണം.

വാടക നിയന്ത്രിത അപ്പാര്‍ട്ട്‌മെന്റുകളില്‍ വാടക മരവിപ്പിക്കുമെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന നയവാഗ്ദാനം. ഇത് നഗരത്തിലെ പകുതിയോളം താമസ കേന്ദ്രങ്ങളായ ഏകദേശം 10 ലക്ഷം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ബാധകമാകും.

എന്നാല്‍ വാടക നിയന്ത്രിത വാസസ്ഥലങ്ങള്‍ നടത്തുന്നതിലെ സാമ്പത്തിക സമ്മര്‍ദ്ദങ്ങളാണ് ഈ പദ്ധതിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. 2020 മുതല്‍ ഇത്തരം അപ്പാര്‍ട്ട്‌മെന്റുകളുടെ ചെലവ് 22 ശതമാനം ഉയര്‍ന്നപ്പോള്‍ വാടക വര്‍ധിച്ചത് ഏകദേശം 11 ശതമാനം മാത്രമാണെന്ന് കമ്മ്യൂണിറ്റി പ്രിസര്‍വേഷന്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു. വൈദ്യുതി, ഇന്‍ഷുറന്‍സ്, തൊഴില്‍ ചെലവുകള്‍ ഉയരുന്നത് കെട്ടിടങ്ങളുടെ പരിപാലനത്തെ ബാധിക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കുറഞ്ഞ വരുമാനവും മധ്യവര്‍ഗവുമായ കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥിരമായി സബ്‌സിഡി നല്‍കുന്ന 2 ലക്ഷം വില കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കാനാണ് മംദാനിയുടെ പദ്ധതി. എന്നാല്‍ ഈ മേഖലയിലും പ്രതിസന്ധിയുണ്ട്. ചില ഡെവലപ്പര്‍മാര്‍ വായ്പ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടിലായേക്കും.

ചെലവ് വര്‍ധിക്കുകയും വരുമാനം കുറയുകയും ചെയ്യുന്ന പ്രവണതകള്‍ വിലകുറഞ്ഞ താമസ സ്ഥലങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് എന്റര്‍പ്രൈസ് കമ്മ്യൂണിറ്റി പാര്‍ട്‌നേഴ്‌സും നാഷണല്‍ ഇക്വിറ്റി ഫണ്ടും പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര ധനസഹായവും ഇന്‍ഷുറന്‍സ് ചെലവ് കുറയ്ക്കാന്‍ സംസ്ഥാനതല ഇടപെടലും അവര്‍ ആവശ്യപ്പെട്ടു.

നവംബറില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഫിയോറല്ലോ ലാ ഗാര്‍ഡിയയുടെ കാലത്തിന് ശേഷമുള്ള നഗരത്തിലെ ഏറ്റവും വലിയ ജീവിതച്ചെലവ് പ്രതിസന്ധി നേരിടാനുള്ള അജണ്ട നടപ്പാക്കുമെന്ന് മംദാനി പ്രഖ്യാപിച്ചു. മഹാമാന്ദ്യകാലത്ത്, പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ റൂസവെല്‍ട്ടിന്റെയും ഡെമോക്രാറ്റിക് കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ന്യൂ ഡീല്‍ പദ്ധതികള്‍ വഴിയാണ് ലാ ഗാര്‍ഡിയ തന്റെ അജണ്ട നടപ്പാക്കിയത്. 

ഇപ്പോഴാകട്ടെ റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള ഫെഡറല്‍ സര്‍ക്കാര്‍ മെഡിക്കെയ്ഡ്, സ്നാപ് തുടങ്ങിയ സാമൂഹിക പദ്ധതികളിലെ ധനസഹായം കുറയ്ക്കുകയും നഗരങ്ങളോട് പലപ്പോഴും വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തുന്ന പ്രസിഡന്റും അധികാരവുമാണ് യു എസിലുള്ളത്. 

വേനലില്‍ പാസാക്കിയ റിപ്പബ്ലിക്കന്‍ ബില്ലിന്റെ ഫലമായി ന്യൂയോര്‍ക്കിലെ 15 ലക്ഷം പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെടുമെന്നും മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് സ്നാപ് ആനുകൂല്യങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുമെന്നും ആരോഗ്യ മേഖലയില്‍ 13 ബില്യണ്‍ ഡോളര്‍ വെട്ടിക്കുറച്ചതോടെ രണ്ടു ലക്ഷം ജോലികള്‍ നഷ്ടപ്പെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്നു. ശുദ്ധ ഊര്‍ജ പദ്ധതികള്‍ ഒഴിവാക്കുന്നതിലൂടെ ദീര്‍ഘകാല ഊര്‍ജ ചെലവും ഉയരും.

നവംബറില്‍ വൈറ്റ് ഹൗസില്‍ നടന്ന സൗഹൃദപരമായ കൂടിക്കാഴ്ചയ്ക്ക് ശേഷവും ന്യൂയോര്‍ക്ക് സിറ്റിയിലെ ഗതാഗത പദ്ധതികള്‍ക്കുള്ള 18 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ ധനസഹായം ട്രംപ് ഭരണകൂടം തടഞ്ഞുവെച്ചിരിക്കുകയാണ്.

താരിഫുകള്‍, കര്‍ശന കുടിയേറ്റ നയങ്ങള്‍, ഫെഡറല്‍ വെട്ടിക്കുറവുകള്‍ എന്നിവ ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് സൃഷ്ടിക്കുന്നത് എന്ന് നഗര കംട്രോളര്‍ ബ്രാഡ് ലാന്‍ഡര്‍ ഡിസംബര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഭാവിയില്‍ നഗരത്തിന്റെ സാമ്പത്തിക ദിശ ഫെഡറല്‍ നയ തീരുമാനങ്ങളെ ഏറെ ആശ്രയിച്ചിരിക്കും.

എന്നിരുന്നാലും, ജീവിതച്ചെലവ് കുറയ്ക്കാനുള്ള അജണ്ടയില്‍ ഫെഡറല്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ മംദാനി പ്രകടിപ്പിച്ചു.

ചെലവുകുറയ്ക്കാനുള്ള അജണ്ടയില്‍ പ്രസിഡന്റുമായുള്ള പങ്കാളിത്തത്തോടെ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.