സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര ആല്‍പ്പൈന്‍ സ്‌കി റിസോര്‍ട്ട് പട്ടണമായ ക്രാന്‍സ്-മോണ്ടാനയില്‍ പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ കുറഞ്ഞത് 40 പേര്‍ മരിച്ചിട്ടുണ്ടാകാമെന്ന് സംശയം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന 'ലെ കോണ്‍സ്‌റ്റെല്ലേഷന്‍' എന്ന ബാറില്‍ സ്‌ഫോടനം ഉണ്ടായത്.
സ്വിസ് പോലീസ് ഔദ്യോഗിക മരണസംഖ്യ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സ്വിസ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയമാണ് 40ഓളം പേര്‍ മരിച്ചതായി അറിയിച്ചത്. വാലിസ് കാന്റണിലെ പോലീസ് വക്താവ് ഗെയ്താന്‍ ലാതിയോണ്‍ മാധ്യമങ്ങളോട് സംസാരിക്കവെ 'നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ചിലര്‍ മരിച്ചിട്ടുണ്ട്. സംഭവം അതീവ ഗുരുതരമാണ് ' എന്ന് പറഞ്ഞു.
പുതുവത്സരം വരവേല്‍ക്കുന്നതിനായി നടന്ന ആഘോഷത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവസമയത്ത് ബാറിനുള്ളില്‍ നൂറിലധികം പേര്‍ ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വിസ് മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയരുന്നതും തീപിടിത്തവും കാണാം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സംഗീത പരിപാടിക്കിടെ ഉപയോഗിച്ച പൈറോട്ടെക്‌നിക് വസ്തുക്കളാകാം സ്‌ഫോടനത്തിന് കാരണമെന്ന സൂചനകളുണ്ടെങ്കിലും, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ അടിയന്തരസഹായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സുരക്ഷാ മുന്‍കരുതലായി മേഖലയില്‍ താല്‍ക്കാലികമായി നോഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പുതുവത്സരാഘോഷത്തിനിടെ സ്വിസ് സ്‌കി റിസോര്‍ട്ടില്‍ സ്‌ഫോടനം; 40 പേര്‍ മരിച്ചെന്ന് സംശയം
