ലോകത്തിലെ ഏറ്റവും വലിയ ആഡംബര റീട്ടെയില്‍ ശൃംഖലയായ സാക്‌സ് ഗ്ലോബല്‍ പാപ്പര്‍ നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യത ശക്തമാകുന്നു. നീമാന്‍ മാര്‍ക്കസിനെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കടബാധ്യതയുടെ ഭാഗമായ 100 മില്യണ്‍ ഡോളര്‍ ബോണ്ട് പേയ്‌മെന്റ് സമയത്ത് അടയ്ക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാക്‌സ് ഫിഫ്ത് അവന്യൂ, ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍, സാക്‌സ് ഓഫ് ഫിഫ്ത് എന്നിവ ഉള്‍പ്പെടുന്ന സാക്‌സ് ഗ്ലോബല്‍, കടദാതാക്കളുമായി പാപ്പര്‍ നടപടികള്‍ക്ക് ആവശ്യമായ ധനസഹായത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം 2.7 ബില്യണ്‍ ഡോളര്‍ ചെലവിട്ട് നീമാന്‍ മാര്‍ക്കസിനെ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിക്ക് സാമ്പത്തിക സമ്മര്‍ദങ്ങള്‍ രൂക്ഷമായിരുന്നു. വിതരണക്കാര്‍ക്ക് നല്‍കേണ്ട പണമടക്കല്‍ വൈകിയതിനെ തുടര്‍ന്ന് നിരവധി സ്‌റ്റോറുകളില്‍ പ്രമുഖ ഹൈഫാഷന്‍ ബ്രാന്‍ഡുകളുടെ ലഭ്യത കുറഞ്ഞു. ഇത് വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചു.
ഓഗസ്റ്റ് 2ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം 13 ശതമാനം ഇടിഞ്ഞതായി സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കടബാധ്യതകള്‍ തീര്‍ക്കുന്നതിനായി ജൂണില്‍ 600 മില്യണ്‍ ഡോളര്‍ മൂലധനം സമാഹരിച്ച സാക്‌സ് ഗ്ലോബല്‍, ബെര്‍ഗ്‌ഡോര്‍ഫിലെ ന്യൂനപക്ഷ ഓഹരി വിറ്റഴിക്കുന്നതടക്കമുള്ള മാര്‍ഗങ്ങളും പരിഗണിച്ചിരുന്നു.
സാക്‌സ് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖനുമായ റിച്ചാര്‍ഡ് ബേക്കര്‍ ഏറെക്കാലമായി ലക്ഷ്യമിട്ടിരുന്ന നീമാന്‍ മാര്‍ക്കസ് ഏറ്റെടുക്കല്‍, ആഡംബര ഉല്‍പ്പന്നങ്ങളിലെ ആഗോള ആവശ്യകത കുറഞ്ഞ സമയത്തായിരുന്നു. ഇതോടെ ഈ വര്‍ഷം കമ്പനി പല ഘട്ടങ്ങളിലായി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
2020ല്‍ തന്നെ നീമാന്‍ മാര്‍ക്കസ് പാപ്പര്‍ സംരക്ഷണം തേടിയിരുന്നു എന്നത് കൂടി പരിഗണിക്കുമ്പോള്‍, നിലവിലെ സംഭവവികാസങ്ങള്‍ സാക്‌സ് ഗ്ലോബലിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.
കടബാധ്യത തിരിച്ചടയ്ക്കാനാകാതെ സാക്‌സ് ഗ്ലോബല്‍; പാപ്പര്‍ നടപടികളിലേക്ക് നീങ്ങാന്‍ സാധ്യത
