മോസ്‌കോ: യുക്രെയിനില്‍ തുടരുന്ന യുദ്ധത്തില്‍ റഷ്യക്ക് അന്തിമ വിജയം കൈവരിക്കാനാകുമെന്ന വിശ്വാസം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ആവര്‍ത്തിച്ചു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വാര്‍ഷിക സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ ഫാര്‍ ഈസ്റ്റിലെ കംചാറ്റ്ക ഉപദ്വീപില്‍ ആദ്യം സംപ്രേഷണം ചെയ്ത പ്രസംഗം രാജ്യത്തുടനീളം പുതുവത്സരത്തിന്റെ തുടക്കത്തോടൊപ്പം പ്രദര്‍ശിപ്പിക്കപ്പെട്ടു. റഷ്യന്‍ മാധ്യമങ്ങളിലെ ദീര്‍ഘകാല പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ പ്രസംഗം.
യുക്രെയിനില്‍ പോരാടുന്ന റഷ്യന്‍ സൈനികര്‍ക്കു പിന്തുണ പ്രഖ്യാപിച്ച പുടിന്‍ നിങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും വിജയം നമ്മുടേതായിരിക്കുമെന്നും പറഞ്ഞു. സംഘര്‍ഷത്തില്‍ പങ്കാളികളായ സൈനികരെ പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ഈ യുദ്ധത്തെ ഒരു ദേശീയ ദൗത്യമായാണ് വിശേഷിപ്പിച്ചത്. ദശലക്ഷക്കണക്കിന് റഷ്യക്കാര്‍ സൈനികരെ ഓര്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
യുദ്ധത്തില്‍ ഇരുപക്ഷത്തും വലിയ നഷ്ടങ്ങളുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൈനികരുടെ മരണസംഖ്യ പതിനായിരങ്ങളിലെത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യുക്രെയിനില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന പുടിന്‍ അവരുടെ ശ്രമങ്ങള്‍ക്ക് ഐക്യത്തോടെ പിന്തുണ നല്‍കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഈ വര്‍ഷത്തെ പ്രസംഗം പ്രത്യേക പ്രാധാന്യമുള്ളതാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പുടിന്‍ അധികാരത്തിലെത്തിയതിന്റെ 26-ാം വാര്‍ഷികമാണിത്. 1999 ഡിസംബര്‍ 31ന് മുന്‍ പ്രസിഡന്റ് ബോറിസ് യെല്‍ത്സിന്‍ രാജിവെച്ചതിനെ തുടര്‍ന്ന് പുടിന്‍ പ്രസിഡന്റായി ചുമതലയേറ്റത് റഷ്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക ഘട്ടമായിരുന്നു.
അതേസമയം, പ്രസിഡന്റ് പുടിന്റെ വസതിക്കെതിരെ യുക്രെയിന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യയുടെ ആരോപണങ്ങളെ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞര്‍ വിമര്‍ശിച്ചു. സമാധാന ശ്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ മേധാവി കാജ കല്ലാസ്, ഈ ആരോപണങ്ങള്‍ സമാധാനത്തിലേക്കുള്ള യഥാര്‍ഥ പുരോഗതി തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടതാണെന്ന് വ്യക്തമാക്കി. യുക്രെയിനും അതിന്റെ പാശ്ചാത്യ പങ്കാളികളും കൈവരിക്കാന്‍ ശ്രമിക്കുന്ന സമാധാന പുരോഗതി വഴിതിരിച്ചുവിടുകയാണ് മോസ്‌കോയുടെ ലക്ഷ്യം എന്ന് കല്ലാസ് എക്‌സില്‍ കുറിച്ചു.
