ആഭ്യന്തര സ്റ്റീല്‍ വ്യവസായം സംരക്ഷിക്കാന്‍ നടപടി; ചൈനീസ് ഇറക്കുമതിക്ക് കനത്ത തീരുവ

ആഭ്യന്തര സ്റ്റീല്‍ വ്യവസായം സംരക്ഷിക്കാന്‍ നടപടി; ചൈനീസ് ഇറക്കുമതിക്ക് കനത്ത തീരുവ


ന്യൂഡല്‍ഹി: വിലകുറഞ്ഞ ചൈനീസ് സ്റ്റീല്‍ ഇറക്കുമതി ആഭ്യന്തര വ്യവസായത്തെ ബാധിക്കുന്ന സാഹചര്യത്തില്‍, ചില സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ മൂന്നു വര്‍ഷത്തേക്ക് സേഫ്ഗാര്‍ഡ് തീരുവ ഏര്‍പ്പെടുത്തി. ധനമന്ത്രാലയം ചൊവ്വാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് തീരുമാനം.

ആദ്യ വര്‍ഷം 12 ശതമാനം തീരുവ ഈടാക്കും. രണ്ടാം വര്‍ഷം ഇത് 11.5 ശതമാനമായും മൂന്നാം വര്‍ഷം 11 ശതമാനമായും കുറയ്ക്കും. ഈ നടപടി ചൈന, വിയറ്റ്‌നാം, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ബാധകമാകും. എന്നാല്‍ ചില വികസനാത്മക രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികളെ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉള്‍പ്പെടെയുള്ള പ്രത്യേകതയുള്ള (സ്‌പെഷ്യാലിറ്റി) സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ തീരുവ ബാധകമല്ല.

വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഇറക്കുമതികള്‍ ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തിന് ഗുരുതരമായി ദോഷം ചെയ്യാതിരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രിലില്‍ 200 ദിവസത്തേക്ക് 12 ശതമാനം താല്‍ക്കാലിക തീരുവ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റിമിഡീസ് നടത്തിയ അന്വേഷണത്തില്‍, സ്റ്റീല്‍ ഇറക്കുമതിയില്‍ അടുത്ത കാലത്തുണ്ടായ 'പെട്ടെന്നുള്ളതും ശക്തവുമായ വര്‍ധന' ആഭ്യന്തര വ്യവസായത്തിന് ഗുരുതരമായ പരിക്കേല്‍പ്പിക്കുകയും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു വര്‍ഷത്തെ തീരുവ ശുപാര്‍ശ ചെയ്തത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്റ്റീല്‍ ഇറക്കുമതിക്ക് കര്‍ശന തീരുവകള്‍ ഏര്‍പ്പെടുത്തിയതോടെ, ചൈനീസ് സ്റ്റീലിനെ ചൊല്ലിയുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ ശക്തമായിട്ടുണ്ട്. ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും ഇതിനകം തന്നെ ചൈനീസ് സ്റ്റീലിനെതിരെ ആന്റിഡമ്പിംഗ് തീരുവകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.