വാഷിംഗ്ടണ്‍: അമേരിക്കയുടെ 35ാമത് പ്രസിഡന്റ് ജോണ്‍ എഫ്. കെനഡിയുടെ കൊച്ചുമകളും പ്രമുഖ കാലാവസ്ഥ-പരിസ്ഥിതി മാധ്യമപ്രവര്‍ത്തകയുമായ ടാറ്റിയാന ഷ്‌ലോസ്ബര്‍ഗ് (35) അന്തരിച്ചു. അപൂര്‍വ തരത്തിലുള്ള രക്താര്‍ബുദമായ ആക്യൂട്ട് മൈലോയിഡ് ല്യുക്കീമിയ ബാധിച്ചായിരുന്നു അന്ത്യം. ചൊവ്വാഴ്ച (ഡിസംബര്‍ 30) രാവിലെയായിരുന്നു അന്ത്യം.
ടാറ്റിയാനയുടെ വിയോഗവാര്‍ത്ത കുടുംബം ജോണ്‍ എഫ്. കെനഡി പ്രസിഡന്‍ഷ്യല്‍ ലൈബ്രറി ആന്‍ഡ് മ്യൂസിയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു.
'ഞങ്ങളുടെ സുന്ദരിയായ ടാറ്റിയാന ഇന്ന് രാവിലെ നമ്മെ വിട്ടുപിരിഞ്ഞു. അവള്‍ എന്നും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും,'- കുടുംബം കുറിച്ചു.
കെനഡിയുടെ മകള്‍ കൂടിയായ മുന്‍ യുഎസ് നയതന്ത്രജ്ഞ കരോലിന്‍ കെനഡിയുടെയും ഡിസൈനര്‍-കലാകാരന്‍ എഡ്വിന്‍ ഷ്‌ലോസ്ബര്‍ഗിന്റെയും രണ്ടാമത്തെ മകളാണ് ടാറ്റിയാന. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും കേന്ദ്രീകരിച്ചുള്ള എഴുത്തുകള്‍കൊണ്ട് ശ്രദ്ധേയയായ ടാറ്റിയാന ദ ന്യൂയോര്‍ക്കര്‍ മാസികയില്‍ സ്ഥിരം ലേഖികയായിരുന്നു.
നവംബറില്‍ പ്രസിദ്ധീകരിച്ച വ്യക്തിപരമായ ലേഖനത്തിലൂടെയാണ് അപൂര്‍വ ജനിതക മാറ്റമുള്ള ആക്യൂട്ട് മൈലോയിഡ് ല്യുക്കീമിയയാണ് രോഗമെന്ന് ടാറ്റിയാന വെളിപ്പെടുത്തിയത്. രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുന്ന അത്യന്തം ഗുരുതരമായ കാന്‍സറാണിത്.
അതേ ലേഖനത്തില്‍ തന്നെ വാക്‌സിന്‍ വിരോധ നിലപാടുകള്‍ സ്വീകരിക്കുന്നതിനും കാന്‍സര്‍ ഗവേഷണ ഫണ്ടുകളില്‍ കുറവ് വരുത്തുന്നതിനും ബന്ധുവായ യുഎസ് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെനഡി ജൂനിയറിനെ ടാറ്റിയാന വിമര്‍ശിച്ചിരുന്നു.
അമേരിക്കന്‍ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ കെനഡി കുടുംബത്തിലെ മറ്റൊരു വേദനാജനക നഷ്ടമായാണ് ടാറ്റിയാന ഷ്‌ലോസ്ബര്‍ഗിന്റെ വിയോഗം വിലയിരുത്തപ്പെടുന്നത്.
അപൂര്‍വ രക്താര്‍ബുദം: ജോണ്‍ എഫ് കെനഡിയുടെ കൊച്ചുമകള്‍ ടാറ്റിയാന ഷ്‌ലോസ്ബര്‍ഗ് അന്തരിച്ചു
