ഗാസിയാബാദില്‍ വാളുകള്‍ വിതരണം ചെയ്ത ആറ് ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഗാസിയാബാദില്‍ വാളുകള്‍ വിതരണം ചെയ്ത ആറ് ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


ഗാസിയാബാദ്: ഗാസിയാബാദിലെ ശാലിമാര്‍ ഗാര്‍ഡന്‍ കോളനിയില്‍ വാളുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ ഹിന്ദു രക്ഷാ ദളിന്റെ ആറു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘടനയുടെ പ്രസിഡന്റായ ഭൂപേന്ദ്ര ചൗധരി അഥവാ 'പിങ്കി' ഉള്‍പ്പെടെ 17 ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. ഭൂപേന്ദ്ര നിലവില്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സംഘടനയുമായി ബന്ധമുള്ള രണ്ടു ഡസനിലധികം തിരിച്ചറിയപ്പെടാത്ത വ്യക്തികളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്ന് ട്രാന്‍സ് ഹിന്‍ഡോണ്‍ മേഖലയുടെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് (ഡി സി പി) നിമിഷ് പട്ടില്‍ വ്യക്തമാക്കി.

പൊലീസിന്റെ വിശദീകരണമനുസരിച്ച്  പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 191(2), 191(3) വകുപ്പുകള്‍ പ്രകാരം കലാപവും മാരകായുധങ്ങളുമായി കലാപം നടത്തിയതും 127(2) വകുപ്പ് പ്രകാരം അന്യായ തടങ്കലും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. താമസ കോളനിയില്‍ പ്രകടനം നടത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് വീടുതോറും കയറി ആയുധങ്ങള്‍ വിതരണം ചെയ്തുവെന്നതാണ് ആരോപണം. ശേഷിക്കുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ നിരവധി പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

സാമൂഹിക സൗഹാര്‍ദ്ദമോ പൊതുസമാധാനമോ തകര്‍ക്കാനുള്ള ഏതൊരു ശ്രമവും അനുവദിക്കില്ലെന്നും പേരെടുത്തതും പേരില്ലാത്തതുമായ എല്ലാ പ്രതികളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ സജീവമായി തുടരുകയാണെന്നും ഡി സി പി നിമിഷ് പട്ടില്‍ പറഞ്ഞു.

അതേസമയം ഭൂപേന്ദ്ര ഒരു വീഡിയോ പുറത്തുവിട്ട് നൂറുകണക്കിന് ആയുധങ്ങള്‍ വിതരണം ചെയ്തുവെന്ന് അവകാശപ്പെട്ടു. ഹിന്ദു കുടുംബങ്ങള്‍ക്കെതിരായെന്ന് ആരോപിക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളെ പരാമര്‍ശിച്ച ഭൂപേന്ദ്ര ഇന്ത്യയില്‍ അത്തരം സാഹചര്യം ഉണ്ടാകാന്‍ തന്റെ സംഘടന അനുവദിക്കില്ലെന്നും അവകാശപ്പെട്ടു.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ ഷഹീദ് നഗര്‍, പസോണ്ട ഗ്രാമം എന്നിവയ്ക്ക് സമീപമാണ് സംഭവം നടന്ന പ്രദേശം എന്നതിനാല്‍, സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ പ്രദേശത്ത് കര്‍ശന ജാഗ്രത തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇതിനിടെ, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ 'ഹിംസാപരമായ ചിന്തകള്‍' മുതല്‍ 'ഹിംസാപരമായ ആയുധങ്ങള്‍' വരെ ജനങ്ങളുടെ വീടുകളിലേക്ക് കൊണ്ടുവരുന്ന രാജ്യത്തിന്റെ ഐക്യത്തിനും സാമൂഹിക സൗഹാര്‍ദ്ദത്തിനും വിരുദ്ധരായവര്‍ക്കെതിരെ നടപടി എടുക്കാന്‍ മുന്നോട്ടുവരണമെന്നും ഹിംസ എന്നത് അസംസ്‌കൃതതയുടെ അടയാളവും അധികാര ദൗര്‍ബല്യത്തിന്റെ ലക്ഷണവുമാണെന്നും പ്രതികരിച്ചു.