ഫിഫയ്ക്ക് പിന്നാലെ ഇസ്രായേല്‍ വകയും ട്രംപിന് സമാധാന പുരസ്‌ക്കാരം

ഫിഫയ്ക്ക് പിന്നാലെ ഇസ്രായേല്‍ വകയും ട്രംപിന് സമാധാന പുരസ്‌ക്കാരം


ടെല്‍ അവീവ്/ വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് നൊബേല്‍ സമാധാന സമ്മാനത്തിനുള്ള ആഗ്രഹം 2025-ലും സഫലമാകാതെ തുടര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ഇസ്രായേല്‍ പ്രധാനമന്ത്രിയുമായ ബെഞ്ചമിന്‍ നെതന്യാഹു 'സമാധാനപ്രവര്‍ത്തകനായി' ട്രംപിന് പ്രത്യേക പുരസ്‌കാരം പ്രഖ്യാപിച്ചു. ഇരുരാജ്യ നേതാക്കളുടെയും ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഡിസംബര്‍ 29ന് നെതന്യാഹു ട്രംപിന് 'ഇസ്രായേല്‍ പ്രൈസ് ഫോര്‍ പീസ്' സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന് മറുപടിയായി ട്രംപ്, 'വളരെ അപ്രതീക്ഷിതവും അതീവ അഭിനന്ദനാര്‍ഹവുമാണ്' എന്ന് പ്രതികരിച്ചു.

'സമാധാനനേതാവ്' എന്ന നിലയില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്കപ്പുറം കഴിഞ്ഞ 80 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇസ്രായേല്‍ പൗരനല്ലാത്ത വ്യക്തിക്ക് ഇസ്രായേല്‍ പ്രൈസ് നല്‍കുന്നത്. ഇസ്രായേല്‍ രാജ്യത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക ബഹുമതിയായാണ് ഈ പുരസ്‌കാരം കണക്കാക്കപ്പെടുന്നത്.

ട്രംപിന്റെ ആഗ്രഹങ്ങള്‍ കണക്കിലെടുത്ത് തന്നെയാണ് ഇസ്രായേല്‍ ഈ പുരസ്‌കാരം രൂപപ്പെടുത്തിയതെന്നതാണ് ശ്രദ്ധേയം. ഇസ്രായേല്‍ പ്രൈസ് ഇതാദ്യമായാണ് 'സമാധാനം' എന്ന വിഭാഗത്തില്‍ നല്‍കുന്നത്.

പ്രസിഡന്റ് ട്രംപ് നിരവധി പരമ്പരാഗത ചട്ടങ്ങള്‍ ലംഘിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ തങ്ങളും പരമ്പരാഗത രീതിയില്‍ നിന്ന് മാറി 80 വര്‍ഷത്തിനിടയില്‍ ഒരിക്കലും ഇസ്രായേല്‍ പൗരനല്ലാത്ത ഒരാള്‍ക്ക് നല്‍കാത്ത ഇസ്രായേല്‍ പ്രൈസ് പ്രസിഡന്റ് ഡോണള്‍ഡ് ജെ ട്രംപിന് നല്‍കാന്‍ തീരുമാനിച്ചുവെന്നും ഇസ്രായേലിനും ജൂത ജനതയ്ക്കുമുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണിതെന്നും ഇതുസംബന്ധിച്ച് നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.

കൂടാതെ, തീവ്രവാദത്തിനെതിരായ പൊതുവായ പോരാട്ടത്തിലും ഇസ്രായേലിന് നല്‍കിയ പിന്തുണയിലും ട്രംപ് നടത്തിയ പ്രവര്‍ത്തനങ്ങളെ ഇസ്രായേല്‍ സമൂഹം മുഴുവന്‍ അഭിനന്ദിക്കുന്നുവെന്നും ആ വികാരത്തിന്റെ പ്രതിഫലനമാണ് പുരസ്‌കാരമെന്നും നെതന്യാഹു വ്യക്തമാക്കി.

ഇസ്രായേലിന് മുമ്പ് ഈ വര്‍ഷം തന്നെ ഫിഫയും ട്രംപിനായി പ്രത്യേക സമാധാന പുരസ്‌കാരം സൃഷ്ടിച്ചിരുന്നു. 2026 ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിനിടെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തന്റെ 'അടുത്ത സുഹൃത്ത്' ഡൊണള്‍ഡ് ട്രംപിന് ആദ്യമായി സൃഷ്ടിച്ച ഫിഫ പീസ് പ്രൈസ് സമ്മാനിച്ചിരുന്നു. ഫിഫ കൗണ്‍സിലിന്റെ ഔദ്യോഗിക അംഗീകാരമില്ലാതെയായിരുന്നു ഈ പുരസ്‌കാരം പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.