മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു


കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില അടുത്തിടെ മോശമായിരുന്നു. മുന്‍ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്.
പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകന്‍. സംസ്‌കാരം നാളെ നടക്കും. കഴിഞ്ഞ വര്‍ഷം അമ്മയുടെ 89ാം പിറന്നാള്‍ ദിനം മോഹന്‍ലാലും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാമായി ആഘോഷിച്ചിരുന്നു. അഭിമുഖങ്ങളിലെല്ലാം അമ്മയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളാണ് മോഹന്‍ലാല്‍. അമ്മയുടെ ശാരീരിക അവസ്ഥ മോശമാണ് എന്നും അത് ഏറ്റവും സങ്കടകരമായ കാര്യമാണ് എന്നും മോഹന്‍ലാല്‍ അടുത്തിടെ പറഞ്ഞിരുന്നു.
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന് തന്റെ അച്ഛന്റേയും അമ്മയുടേയും പേര് ചേര്‍ത്ത് വിശ്വശാന്തി ഫൗണ്ടേഷന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ശാന്തകുമാരി. അടുത്തിടെ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ ശേഷം മോഹന്‍ലാല്‍ ആദ്യം സന്ദര്‍ശിച്ചത് അമ്മയെ ആയിരുന്നു.
മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ആരോഗ്യം പരിപാലിക്കുന്നവരാണ് വീട്ടിലുണ്ടായിരുന്നത്. മോഹന്‍ലാല്‍ വീട്ടിലെത്തിയിട്ടുണ്ട്. എളമക്കരയില്‍ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തുന്നുണ്ട്.