റിയാദ്: യെമനിലെ തുറമുഖത്ത് ആയുധക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഐക്യ അറബ് എമിറേറ്റ്‌സിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ. യുഎഇയുടെ യെമന്‍ ഇടപെടല്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും മേഖലയിലെ സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യെമനില്‍നിന്ന് യുഎഇ സൈന്യം 24 മണിക്കൂറിനകം പിന്‍വാങ്ങണമെന്ന് സൗദി ആവശ്യപ്പെട്ടു.
'യുഎഇ സ്വീകരിച്ച നടപടികള്‍ അത്യന്തം അപകടകരമാണ്. യെമനിലെയും മേഖലയിലെയും സുരക്ഷയെ ഇത് പ്രതികൂലമായി ബാധിക്കും,' മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ അതിനെ നിര്‍വീര്യമാക്കാന്‍ സൗദി മടിക്കില്ലെന്നും മുന്നറിയിപ്പുണ്ട്.
യെമനിലെ വിഘടനവാദ സംഘടനയായ സൗതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന് (STC) പിന്തുണ നല്‍കുന്നതിനായി യുഎഇ ആയുധങ്ങളും യുദ്ധവാഹനങ്ങളും അയച്ചുവെന്നാണ് സൗദിയുടെ ആരോപണം. അല്‍-ഫുജൈറ തുറമുഖത്തില്‍ നിന്ന് അല്‍-മുകല്ല തുറമുഖത്തേക്ക് ആയുധങ്ങള്‍ കടത്തിയതായും, സഖ്യസേനയുടെ ഔദ്യോഗിക അനുമതി തേടാതെയായിരുന്നു നീക്കമെന്നും സൗദി പറയുന്നു.
ഇതിനിടെ, യുഎഇയില്‍ നിന്നെത്തിയ രണ്ട് കപ്പലുകളില്‍ നിന്ന് ഇറക്കിയ ആയുധങ്ങള്‍ ലക്ഷ്യമാക്കി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അല്‍-മുകല്ല തുറമുഖത്ത് വ്യോമാക്രമണം നടത്തിയതായി സൗദി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി 'എസ്പിഎ' റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര മാനവിക നിയമങ്ങള്‍ പാലിച്ചായിരുന്നു ആക്രമണമെന്നും, മറ്റുഭാഗങ്ങളില്‍ നാശം ഉണ്ടായിട്ടില്ലെന്നും സഖ്യസേന വ്യക്തമാക്കി.
അതേസമയം, യെമനില്‍ വിമത സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎഇയുടെ പിന്തുണയുള്ള STC സംഘം കഴിഞ്ഞ ആഴ്ചകളായി യെമന്റെ വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സേനയെയും സഖ്യകക്ഷികളെയും പുറത്താക്കി നിയന്ത്രണം ഉറപ്പിക്കുകയാണ്. ഇതോടെ യെമന്‍ ആഭ്യന്തര യുദ്ധം പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന വിലയിരുത്തലാണ്.
സൗദി-യുഎഇ ഏറ്റുമുട്ടല്‍: യെമനില്‍ പുതിയ പ്രതിസന്ധി
