വെടി നിര്‍ത്തല്‍ കരാര്‍ കംബോഡിയ ലംഘിച്ചെന്ന് തായ്‌ലന്റ്

വെടി നിര്‍ത്തല്‍ കരാര്‍ കംബോഡിയ ലംഘിച്ചെന്ന് തായ്‌ലന്റ്


ബാങ്കോക്ക്: അതിര്‍ത്തിയില്‍ ഡ്രോണ്‍ പ്രവര്‍ത്തനം നടത്തിയതിലൂടെ പുതുതായി ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ കംബോഡിയ ലംഘിച്ചതായി തായ്ലന്റിന്റെ ആരോപണം. ആഴ്ചകളോളം നീണ്ട രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഏകദേശം പത്ത് ലക്ഷം പേരെ കുടിയൊഴിപ്പിക്കേണ്ടി വന്ന സാഹചര്യത്തിനിടെയാണ് പുതിയ ആരോപണം ഉയര്‍ന്നത്. 

ഡിസംബര്‍ 28 ഞായറാഴ്ച രാത്രി കംബോഡിയയില്‍ നിന്ന് അതിര്‍ത്തി കടന്ന് 250ലധികം ഡ്രോണുകള്‍ പറന്നതായി കണ്ടെത്തിയെന്ന് തായ്ലന്‍ഡിന്റെ റോയല്‍ തായ് സൈന്യം അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവം ഉണ്ടായതെന്നും സൈന്യം വ്യക്തമാക്കി.

ഡിസംബര്‍ 27 ശനിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച വെടിനിര്‍ത്തല്‍ ചൈനയും അമേരിക്കയും നല്‍കിയ നയതന്ത്ര പിന്തുണയോടെ നടന്ന ശക്തമായ ചര്‍ച്ചകള്‍ക്കുശേഷം കൈവരിച്ച വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെട്ടത്. സൈനിക ശക്തി വര്‍ധന നിര്‍ത്തിവെക്കുക, അതിര്‍ത്തിയിലെ നിലവിലെ നിലപാടുകള്‍ മരവിപ്പിക്കുക, സാധാരണ ജനങ്ങള്‍ക്ക് സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.

എന്നാല്‍ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കംബോഡിയയുടെ നടപടികളെ തായ്ലന്‍ഡ് സൈന്യം 'പ്രേരണാപരമായ നടപടി'യെന്നും സംഘര്‍ഷം കുറയ്ക്കാനുള്ള ധാരണകള്‍ക്ക് വിരുദ്ധമാണെന്നും വിമര്‍ശിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥകളോട് പൊരുത്തപ്പെടുന്നതല്ലെന്ന് സൈന്യം ചൂണ്ടിക്കാട്ടി. ജൂലൈ മുതല്‍ തായ്ലന്‍ഡില്‍ തടവിലായിരിക്കുന്ന 18 കംബോഡിയന്‍ സൈനികരെ വിട്ടയക്കുന്ന കാര്യവും ഈ ലംഘനങ്ങള്‍ തുടര്‍ന്നാല്‍ പുനഃപരിശോധിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും സൈന്യം നല്‍കി.

അതേസമയം, സംഭവത്തിന്റെ ഗൗരവം കംബോഡിയ കുറച്ചുകാണിച്ചു. വിദേശകാര്യ മന്ത്രി പ്രാക് സോഖോണ്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ 'ചെറിയ വിഷയം' മാത്രമാണെന്നും അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇരുപക്ഷവും മുമ്പും കണ്ടിട്ടുണ്ടെന്നും പ്രതികരിച്ചു.

ചൈനയും അമേരിക്കയും വെടിനിര്‍ത്തലിനെ പ്രശംസിച്ചതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ സംഭവവികാസം. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇത് 'കഠിനമായി നേടിയ സമാധാന കരാര്‍' എന്ന് വിശേഷിപ്പിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വേഗത്തില്‍ പരിഹാരം കണ്ടതിനെ അഭിനന്ദിച്ചു. 

തായ്ലന്‍ഡ്- കംബോഡിയ തര്‍ക്കത്തിന് നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്ര പശ്ചാത്തലമുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ തര്‍ക്കത്തിലുള്ള ഒരു ക്ഷേത്രത്തില്‍ കംബോഡിയന്‍ സ്ത്രീകള്‍ ദേശാഭിമാന ഗാനങ്ങള്‍ ആലപിച്ചതോടെയാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.

മെയ് മാസം നടന്ന ഏറ്റുമുട്ടലില്‍ ഒരു കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. തുടര്‍ന്ന് അഞ്ച് ദിവസത്തോളം നീണ്ട കനത്ത പോരാട്ടങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് സാധാരണക്കാര്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. ജൂലൈയില്‍ ഒരു ദുര്‍ബലമായ വെടിനിര്‍ത്തല്‍ ധാരണയിലെത്തുകയും ഒക്ടോബറില്‍ അത് ഔപചാരികമാക്കുകയും ചെയ്തിരുന്നുവെങ്കിലും ഈ മാസം തുടക്കത്തില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ കരാര്‍ തകരുകയായിരുന്നു. വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതിന് ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്.