ഡെറാഡൂണ്‍: ത്രിപുരയില്‍ നിന്നുള്ള 24കാരനായ വിദ്യാര്‍ഥി ഏയ്ഞ്ചല്‍ ചക്മയുടെ കൊലപാതകത്തിന് പിന്നില്‍ വംശീയതയാണെന്ന ആരോപണങ്ങള്‍ക്ക് ഇതുവരെ തെളിവുകളില്ലെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കി. ഡിസംബര്‍ 29ന് പുറത്തിറക്കിയ വിശദീകരണത്തിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പ്രതികളില്‍ ഒരാള്‍ മണിപ്പൂര്‍ സ്വദേശിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് ഏയ്ഞ്ചല്‍ ചക്മ മരിച്ചത്. മാരകായുധങ്ങള്‍കൊണ്ട് ആക്രമിക്കപ്പെട്ട ചക്മ വംശീയ അധിക്ഷേപങ്ങള്‍ നേരിടുകയും പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥനായ പി ഡി ഭട്ട് വംശീയതയുമായി സംഭവത്തെ ബന്ധിപ്പിക്കുന്ന ആരോപണങ്ങള്‍ക്ക് ഇതുവരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച് സംഭവത്തിന് തുടക്കം കുറിച്ചത് ഒരു മദ്യശാലയ്ക്ക് സമീപമായിരുന്നു. പ്രതികളിലൊരാളായ മണിപ്പൂര്‍ സ്വദേശി സുരജ് മകന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അവിടെയുണ്ടായിരുന്നു. അതേസമയം, ചക്മയും സഹോദരന്‍ മൈക്കിളും മദ്യം വാങ്ങാനായി അതേ സ്ഥലത്തെത്തിയതായിരുന്നു. ഇരു സംഘങ്ങള്‍ക്കിടയില്‍ വാക്കേറ്റമുണ്ടാകുകയും അത് പിന്നീട് സംഘര്‍ഷമായി മാറുകയും ചെയ്തു. ഇതിലാണ് ചക്മയ്ക്ക് മാരകമായി പരിക്കേറ്റത്.
അതേസമയം, ഡിസംബര്‍ 9ന് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ മദ്യപിച്ച ഒരു സംഘം ആക്രമണം നടത്തുകയും വംശീയ അധിക്ഷേപങ്ങള്‍ മുഴക്കുകയും ചെയ്തതായും അതിനിടെ സഹോദരന് കുത്തേറ്റതായും മൈക്കള്‍ ആരോപിച്ചു. ചക്മയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡിസംബര്‍ 26ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
കേസിലെ ആറാമത്തെ പ്രതി നിലവില്‍ ഒളിവിലാണെന്നും ഇയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നും പൊലീസ് അറിയിച്ചു. ഇയാളെ പിടികൂടുന്നതിനായി നേപ്പാളില്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷണം തുടരുകയാണ്. ഇയാളെ പിടികൂടിയ ശേഷം യഥാര്‍ഥ വസ്തുതകള്‍ക്ക് വ്യക്തത വരുമെന്നും പി ഡി ഭട്ട് പറഞ്ഞു.
അറസ്റ്റിലായ പ്രതികളില്‍ ആരും മുന്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കസ്റ്റഡിയിലുള്ള അഞ്ചില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
