പുടിന്റെ വസതി ലക്ഷ്യമാക്കി യുക്രെയ്ന്‍ ആക്രമണം നടത്തിയെന്ന് റഷ്യ; ആരോപണം കള്ളമെന്ന് സെലെന്‍സ്‌കി

പുടിന്റെ വസതി ലക്ഷ്യമാക്കി യുക്രെയ്ന്‍ ആക്രമണം നടത്തിയെന്ന് റഷ്യ; ആരോപണം കള്ളമെന്ന് സെലെന്‍സ്‌കി


മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വസതിയെ ലക്ഷ്യമാക്കി യുക്രെയ്ന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചതായി റഷ്യ ആരോപിച്ചു. ഡിസംബര്‍ 28, 29 തിയ്യതികളില്‍ നോവ്‌ഗോറോഡ് മേഖലയിലെ പുടിന്റെ ഔദ്യോഗിക വസതിയിലേക്ക് 91 ദീര്‍ഘദൂര ഡ്രോണുകള്‍ വിക്ഷേപിച്ചുവെന്നുമാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗി ലാവ്രോവ് ആരോപിച്ചത്. ഈ നടപടിയെ അദ്ദേഹം 'അത്യന്തം അശ്രദ്ധാപരമായ നടപടി'യെന്നും 'ഭീകരവാദം' എന്നുമാണ് വിശേഷിപ്പിച്ചത്. സംഭവസമയത്ത് പുടിന്‍ അവിടെ ഉണ്ടായിരുന്നുവോ എന്ന കാര്യത്തില്‍  വ്യക്തതയില്ല.

എന്നാല്‍ ഈ ആരോപണങ്ങള്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി നിഷേധിച്ചു. ഇത് 'കള്ളപ്രചാരണം' ആണെന്നും കീവ് ഉള്‍പ്പെടെ യുക്രെയ്‌നിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ റഷ്യ തയ്യാറെടുക്കുകയാണെന്നും സെലെന്‍സ്‌കി ആരോപിച്ചു.

അതേസമയം, പ്രതികാര ആക്രമണങ്ങള്‍ക്കായി ലക്ഷ്യസ്ഥാനങ്ങള്‍ റഷ്യന്‍ സൈന്യം ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്ന് ലാവ്രോവ് പറഞ്ഞു. ഈ സംഭവം ഭാവിയിലെ സമാധാന ചര്‍ച്ചകളില്‍ മോസ്‌കോയുടെ നിലപാടിനെ ബാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍, നിലപാട് കടുപ്പമാകുമെങ്കിലും ചര്‍ച്ചകള്‍ പൂര്‍ണമായി ഉപേക്ഷിക്കില്ലെന്നും റഷ്യ വ്യക്തമാക്കി.