ഉന്നാവോ പീഡനക്കേസ്: കുല്‍ദീപ് സെന്‍ഗാറിന് അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ഉന്നാവോ പീഡനക്കേസ്: കുല്‍ദീപ് സെന്‍ഗാറിന് അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്തു


ന്യൂഡല്‍ഹി: 2017ലെ ഉത്തര്‍പ്രദേശ് ഉന്നാവോ ബാലിക പീഡനക്കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി തിങ്കളാഴ്ച സ്‌റ്റേ ചെയ്തു. ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൈക്കോടതി ഉത്തരവ് ഗൗരവമുള്ള നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സാധാരണ സാഹചര്യങ്ങളില്‍ ജാമ്യം അനുവദിച്ച ഉത്തരവ് കേള്‍ക്കാതെ സ്‌റ്റേ ചെയ്യുന്നത് പതിവല്ലെങ്കിലും, പ്രതി മറ്റൊരു കേസില്‍ (ഐപിസി 304 ഭാഗം 2) ശിക്ഷിക്കപ്പെട്ട് കസ്റ്റഡിയില്‍ തുടരുന്നതിനാല്‍ ഈ പ്രത്യേക സാഹചര്യത്തില്‍ ഉത്തരവ് സ്‌റ്റേ ചെയ്യുകയാണെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെന്‍ഗാറിനെ മോചിപ്പിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഇരയ്ക്ക് സുപ്രീം കോടതിയില്‍ സ്വതന്ത്രമായി പ്രത്യേക ഹര്‍ജി സമര്‍പ്പിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നും, സൗജന്യ നിയമസഹായം ആവശ്യമെങ്കില്‍ സുപ്രീം കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റി അത് നല്‍കുമെന്നും കോടതി അറിയിച്ചു.

ജസ്റ്റിസുമാരായ സുബ്രമണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങിയ ഡല്‍ഹി ഹൈക്കോടതി ബെഞ്ചാണ് നേരത്തെ സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിച്ചത്. പോക്‌സോ നിയമപ്രകാരം അനുവദിക്കാവുന്ന പരമാവധി ശിക്ഷയേക്കാള്‍ കൂടുതല്‍ കാലം സെന്‍ഗാര്‍ ഇതിനകം തടവില്‍ കഴിഞ്ഞുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. 15 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരുന്നത്.

വിധിക്കെതിരെ പ്രതിഷേധം

ഹൈക്കോടതി ഉത്തരവിന് പിന്നാലെ കോടതി പരിസരത്ത് വ്യാപക പ്രതിഷേധം അരങ്ങേറി. ഇരയുടെ അമ്മ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 'ജാമ്യം അനുവദിച്ചത് അംഗീകരിക്കാനാവില്ല. സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതിയിലേക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു,' എന്നും ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദിയായ പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം നിയന്ത്രിക്കാന്‍ ഡല്‍ഹി പോലീസ് ഇടപെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഉന്നാവോ പീഡനക്കേസ്

2017ല്‍ ഉന്നാവോയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ശിക്ഷിക്കപ്പെട്ടത്. ആദ്യം പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് 2018ല്‍ പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തി. പിന്നീട് കസ്റ്റഡിയില്‍ വെച്ച് പിതാവ് ആക്രമണത്തില്‍ മരിക്കുകയും, വിചാരണക്കിടെ കോടതിയിലേക്ക് പോകുന്നതിനിടെ ട്രക്ക് ഇടിച്ച് രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2019ല്‍ സെന്‍ഗാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.