ന്യൂഡല്‍ഹി/ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ വീണ്ടും സംഘര്‍ഷം. ന്യൂഡല്‍ഹി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് ബംഗ്ലാദേശ് ഞായറാഴ്ച കടുത്ത ഭാഷയില്‍ പ്രതികരിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് ഇന്ത്യയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ 'വസ്തുതാവിരുദ്ധവും പക്ഷപാതപരവുമാണെന്ന്' ധാക്ക വ്യക്തമാക്കി. അതേസമയം, ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട തീവ്രവാദ വിദ്യാര്‍ത്ഥി നേതാവ് ശരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികള്‍ ഇന്ത്യയിലേക്ക് കടന്നെന്ന ആരോപണം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ശക്തമായി നിഷേധിച്ചു.
ഇന്ത്യയിലെ ചില വൃത്തങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെ വളച്ചൊടിച്ച് പ്രചരിപ്പിച്ച് ബംഗ്ലാദേശിനെതിരായ വികാരം സൃഷ്ടിക്കുകയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, ആരോപിച്ചു. ഇത്തരം 'തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍' അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധത്തെയും പരസ്പര വിശ്വാസത്തെയും ദുര്‍ബലപ്പെടുത്തുമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഡിസംബര്‍ 18ന് ബ്ലാസ്ഫമി ആരോപണത്തെ തുടര്‍ന്ന് ദീപു ചന്ദ്ര ദാസ് എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന്, ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള 'തുടര്‍ച്ചയായ ശത്രുത'യെ കുറിച്ച് ഇന്ത്യ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധാക്കയുടെ പുതിയ പ്രതികരണം.
വിദേശകാര്യ മന്ത്രാലയ വക്താവ് റന്‍ധീര്‍ ജയ്‌സ്വാളിന്റെ പ്രസ്താവനകള്‍ 'യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല' എന്നാണ് ബംഗ്ലാദേശിന്റെ നിലപാട്. ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളെ 'സംഘടിത പീഡനമായി' ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, ഇതുവഴി ഇന്ത്യയില്‍ ബംഗ്ലാദേശ് വിരുദ്ധ വികാരം വളര്‍ത്തുകയാണെന്നും ധാക്ക ആരോപിച്ചു.
അതേസമയം, ജയ്‌സ്വാള്‍ കഴിഞ്ഞ ആഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കൊലപാതകങ്ങള്‍, തീകൊളുത്തല്‍, ഭൂമി കൈയേറ്റം എന്നിവ ഉള്‍പ്പെടെ 2,900ലധികം അക്രമസംഭവങ്ങള്‍ സ്വതന്ത്ര സ്രോതസ്സുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം സംഭവങ്ങളെ മാധ്യമ അതിശയോക്തിയായി തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ധാക്കയുടെ പ്രസ്താവനയ്ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇതിനിടെ, ഹാദി കൊലപാതക കേസിലെ മുഖ്യപ്രതികള്‍ ഇന്ത്യയിലെ മേഘാലയയിലേക്ക് കടന്നെന്ന ബംഗ്ലാദേശ് പോലീസിന്റെ ആരോപണവും വിവാദമായി. ഹലുവാഘട്ട് അതിര്‍ത്തി വഴിയാണ് പ്രതികള്‍ മേഘാലയയിലെത്തിയതെന്ന് ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് അവകാശപ്പെട്ടു. എന്നാല്‍, അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഈ ആരോപണം പൂര്‍ണമായി നിഷേധിച്ചു. ഇത്തരം ഒരു അതിര്‍ത്തി ലംഘനത്തിന്റെയും തെളിവുകളില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും ബിഎസ്എഫ് വ്യക്തമാക്കി.
മേഘാലയ പോലീസ് വൃത്തങ്ങളും ആരോപണം സ്ഥിരീകരിക്കുന്ന യാതൊരു രഹസ്യവിവരവും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. ഔദ്യോഗിക ചാനലുകളിലൂടെ സ്ഥിരീകരിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ നടപടി സ്വീകരിക്കൂവെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ വ്യക്തമാക്കി.
ശൈഖ് ഹസീന സര്‍ക്കാരിന്റെ പുറത്താക്കലിന് പിന്നാലെ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായിരിക്കുകയാണ്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ഇന്ത്യ വിരുദ്ധ സ്വരത്തിലേക്ക് മാറിയതും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.
'തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു എന്ന് ബംഗ്ലാദേശ്, ആരോപണങ്ങള്‍ തള്ളി ഇന്ത്യന്‍ ഏജന്‍സികള്‍
